പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഇന്റലിജന്‍സ് ബ്യൂറോ വിഭാഗം. ബൈസരനില്‍ ആക്രമണത്തിന് സഹായം നല്‍കിയവരുടെയും, നിലവില്‍ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് പട്ടികയിലുള്ളത്.
ആദില്‍ റഹ്‌മാന്‍ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സാന്‍ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസിര്‍ (20), ആമിര്‍ നാസിര്‍ വാണി (20), യാവര്‍ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീര്‍ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമിര്‍ അഹമ്മദ് ദാര്‍, അദ്‌നാന്‍ സാഫി ദാര്‍ അഹമ്മദ് വാണി (39), ഹരൂണ്‍ റാഷിദ് ഖാനായി (32), സാക്കിര്‍ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.
ഇവരുമായി ബന്ധപ്പെട്ടവരെ സംസ്ഥാന വ്യാപകമായി കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. പട്ടികയില്‍ ഉള്‍പ്പെടുന്ന ചിലരുടെ വീടുകള്‍ ഇതിനോടകം തകര്‍ത്തു. അനന്ത് നാഗിനും പുല്‍വാമയ്ക്കും പിന്നാലെ ശ്രീനഗറില്‍ വ്യാപക തെരച്ചില്‍ നടന്നു വരികയാണ്. ഭീകരര്‍ക്ക് സഹായം നല്‍കുന്ന 60 ലധികം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.