എന്‍എച്ച്എസിന് ബാധ്യതയാകുന്ന പല വിഷയങ്ങളില്‍ ഏറ്റവും പ്രധാനമാണ് രോഗികള്‍ക്ക് അര്‍ഹമായ ചികിത്സ നല്‍കാതെ പോകുന്നത്. ഇതിന് ഒപ്പം രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയിലെ പാകപ്പിഴകള്‍ കൂടി ചേരുമ്പോള്‍ സ്ഥിതി വഷളാകും. മെഡിക്കല്‍ വീഴ്ചകളുടെ പേരില്‍ എന്‍എച്ച്എസ് നേരിടുന്ന ബാധ്യത കൊടുമുടി കയറി 58.2 ബില്ല്യണ്‍ പൗണ്ടിന്റെ ബില്ലില്‍ എത്തിയെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രോഗികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതില്‍ മന്ത്രിമാര്‍ വീഴ്ച വരുത്തുന്നുവെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ചികിത്സയിലെ വീഴ്ചകള്‍ക്ക് ഇരകള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന തുകകളാണ് നല്‍കേണ്ടി വരുന്നതെന്ന് പിഎസി പറയുന്നു. പിഴവുകള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പോലും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോമണ്‍സ് കമ്മിറ്റി വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ നേരിട്ട ക്ലിനിക്കല്‍ അവഗണനകള്‍ക്കും, വീഴ്ചകള്‍ക്കും ഇരകളായ രോഗികള്‍ സമര്‍പ്പിച്ച കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ 2024 ഏപ്രില്‍ 1 വരെ 58.2 ബില്ല്യണ്‍ പൗണ്ടാണ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മാറ്റിവെച്ചതെന്ന് പിഎസി വെളിപ്പെടുത്തി. ഗവണ്‍മെന്റിന്റെ രണ്ടാമത്തെ വലിയ ബാധ്യതയാണ് എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരങ്ങളെന്നതാണ് ഞെട്ടിക്കുന്ന അവസ്ഥ. ആണവ ഡീകമ്മീഷനിംഗ് മാത്രമാണ് ഇതില്‍ കൂടുതല്‍ ചെലവുള്ള കാര്യമെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.
ഈ കണക്കുകള്‍ സമൂഹത്തിന് ഒരു നിമിഷം ചിന്തിക്കാന്‍ അവസരം നല്‍കുമെന്ന് പിഎസി ചെയര്‍ ജെഫ്രി ക്ലിഫ്ടണ്‍ ബ്രൗണ്‍ പറഞ്ഞു. രോഗികളെ അപകടത്തിലാക്കുന്ന അവസ്ഥകള്‍ കുറയ്ക്കാന്‍ മന്ത്രിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിഎസി ആവശ്യപ്പെട്ടു. എന്‍എച്ച്എസിനെ വിജയകരമായി കേസില്‍ തോല്‍പ്പിക്കുന്ന അഭിഭാഷകരാണ് നഷ്ടപരിഹാരത്തിന്റെ 19% കൊണ്ടുപോകുന്നത്. ഇത് മാത്രം 536 മില്ല്യണ്‍ പൗണ്ട് വരും. എന്‍എച്ച്എസ് ഫണ്ടിനെ ചോര്‍ത്തുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്, റിപ്പോര്‍ട്ട് പറഞ്ഞു.