എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, ടീച്ചേഴ്‌സ്, സോഷ്യല്‍ കെയര്‍, എമര്‍ജന്‍സി ജോലിക്കാര്‍ എന്നിവര്‍ക്ക് 5 ശതമാനം കിഴിവ് നല്‍കിയിരുന്ന സ്‌കീം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ആസ്ദ. ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് ബ്ലൂ ലൈറ്റ് കാര്‍ഡ് സ്‌കീം ആസ്ദ അവസാനിപ്പിക്കുന്നത്.
മാംസം, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍, ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, സ്മൂത്തികള്‍, ഡയറി, ബേക്കറി ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ ഈ സ്‌കീമിലൂടെ 5 ശതമാനം കിഴിവ് ലഭിച്ചിരുന്നത്. എന്നാല്‍ മേയ് 27 മുതല്‍ ബ്ലൂ ലൈറ്റ് കാര്‍ഡ് സ്‌കീം ഡിസ്‌കൗണ്ട് പരിപൂര്‍ണ്ണമായി അവസാനിപ്പിക്കുകയാണ് ആസ്ദ ചെയ്യുന്നത്.
മേയ് 13 മുതല്‍ ബ്ലൂ ലൈറ്റ് കാര്‍ഡ് അംഗങ്ങള്‍ക്ക് നിലവിലെ മെംബര്‍ഷിപ്പ് ആസ്ദ റിവാര്‍ഡ്‌സ് അക്കൗണ്ടിലേക്ക് ബന്ധിപ്പിക്കുന്നതിനുള്ള അവസരം അവസാനിപ്പിച്ചിരുന്നു. ഇത് ബന്ധപ്പെടുത്തിയവര്‍ക്ക് മേയ് 27 വരെ എക്‌സ്‌ക്ലൂസീവ് മെംബര്‍ ഓഫറുകള്‍ ലഭിക്കുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ വ്യക്തമാക്കി. എന്നാല്‍ ആസ്ദയുടെ പെട്ടെന്നുള്ള തീരുമാനം പല ഉപഭോക്താക്കളെയും രോഷത്തിലാക്കി.
എന്നാല്‍ മഹാമാരി കാലത്ത് എമര്‍ജന്‍സി ജോലിക്കാര്‍ക്ക് പിന്തുണ നല്‍കാനായി ആരംഭിച്ചതാണ് ബ്ലൂ ലൈറ്റ് കാര്‍ഡെന്ന് ആസ്ദ വക്താവ് വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന് നന്ദി. ഇനിയുള്ള സമയത്ത് എല്ലാ ഉപഭോക്താക്കള്‍ക്കും ഞങ്ങളുടെ സ്‌റ്റോറിലും, ഓണ്‍ലൈനിലും എത്തുമ്പോള്‍ മികച്ച മൂല്യം ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ, വക്താവ് പറഞ്ഞു.
ഡിസ്‌കൗണ്ട് അവസാനിപ്പിക്കുന്നതായി അറിയിച്ച് ബ്ലൂ ലൈറ്റ് ഉപഭോക്താക്കള്‍ക്ക് ഇമെയില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. മേയ് 27 വരെയാണ് സ്‌കീം ഉപയോഗിക്കാന്‍ കഴിയുകയെന്ന് ഈ സന്ദേശം വ്യക്തമാക്കി. ചെലവുചുരുക്കല്‍ നടപടികളിലൂടെ കടന്നുപോകുകയാണ് ആസ്ദ. മാര്‍ച്ചില്‍ 200 ജോലിക്കാരെ സൂപ്പര്‍മാര്‍ക്കറ്റ് വെട്ടിക്കുറച്ചിരുന്നു.