പാകിസ്ഥാനുമായി സൈനിക സംഘര്‍ഷങ്ങള്‍ നടക്കുന്നതിനിടെ ഉത്തര്‍പ്രദേശ് ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മാണ യൂണിറ്റിന് തുടക്കമിട്ട് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വര്‍ഷത്തില്‍ 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് ഈ നിര്‍മ്മാണ യൂണിറ്റ്.
300 കോടി ചെലവിട്ടാണ് യൂണിറ്റ് നിര്‍മ്മിച്ചത്. ഇവിടെ ബ്രഹ്മോസ് മിസൈലുകളാണ് ഉത്പാദിപ്പിക്കുക. 290 മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ബ്രഹ്മോസിന് മാക്ക് 2.8 വരെ വേഗതയും കൈവരിക്കാന്‍ കഴിയും.
ഇന്ത്യയും, റഷ്യയും സംയോജിതമായി വികസിപ്പിച്ച ബ്രഹ്മോസ് എയ്‌റോസ്‌പേസാണ് മിസൈല്‍ നിര്‍മ്മിക്കുന്നത്. ഭൂമി, കടല്‍, വായു എന്നിവിടങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്ന മിസൈലിന് 'ഫയര്‍ & ഫൊര്‍ഗെറ്റ്' ഗൈഡന്‍സ് സിസ്റ്റമാണ് പിന്തുടരുന്നത്.
ആദ്യ വര്‍ഷം 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കുന്ന ലക്‌നൗവിലെ യൂണിറ്റ് അടുത്ത വര്‍ഷം 150 ആയി നിര്‍മ്മാണം ഉയര്‍ത്തും. പുതുതലമുറ ബ്രഹ്മോസ് മിസൈലുകളുടെ ഭാരം കുറയുമെന്നതിനാല്‍ മൂന്ന് മിസൈുകള്‍ വീതം സുഖോയ് വിമാനങ്ങള്‍ക്ക് വഹിക്കാന്‍ കഴിയും.