വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയന്‍ പുണ്യകേന്ദ്രത്തില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ സഭ നയിക്കുന്ന തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന്, ഫാ. ജിനു മുണ്ടുനാടക്കലിന്റെ അജപാലന നേതൃത്വത്തില്‍, കേംബ്രിഡ്ജ് റീജിയണിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം ആതിഥേയത്വം വഹിക്കും.
ഗബ്രിയേല്‍ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച്, മംഗള വാര്‍ത്ത നല്കിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകര്‍പ്പ് ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തില്‍ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ പത്തൊന്പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീര്‍ത്ഥാടന തിരുന്നാള്‍ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ദിവ്യബലിക്ക് ശേഷം തീര്‍ത്ഥാടന തിരുന്നാള്‍ സമാപിക്കും.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുക. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം. വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും, മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ മരിയന്‍ സംഗമം, സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലെ പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേര്‍ന്ന് അനുഗ്രഹപൂരീകരണത്തിനായി , അവധി ദിനം ക്രമീകരിച്ച് തീര്‍ത്ഥാടനത്തിനായി പ്രാര്‍ത്ഥനയില്‍ ഒരുങ്ങുവാന്‍ തിരുനാള്‍ കമ്മിറ്റി ഭാരവാഹികള്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk,
NR22 6AL
Appachan Kannanchira