പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് മാസത്തിന് ശേഷം സുരക്ഷാ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. 26 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് മനോജ് സിന്‍ഹ പറഞ്ഞത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൊലീസിന് ഇതുവരെ അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും മനോജ് സിന്‍ഹ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ആക്രമണത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രതികരിച്ചത്.
പഹല്‍ഗാമില്‍ നടന്നത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകള്‍ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും പറഞ്ഞ മനോജ് സിന്‍ഹ, സംഭവം സുരക്ഷ വീഴ്ച തന്നെയെന്ന് നിസംശയം പറയാമെന്നും കൂട്ടിച്ചേര്‍ത്തു.
2020 ല്‍ അധികാരമേറ്റ ജമ്മു കശ്മീരിന്റെ രണ്ടാമത്തെ എല്‍ജി ഞെട്ടിപ്പിക്കുന്ന ഒരു വിശദാംശമാണ് സുരക്ഷ സേനയുടെ അസാന്നിധ്യത്തെ കുറിച്ചു വെളിപ്പെടുത്തിയത്. സംഭവം നടന്ന സ്ഥലം തുറന്ന പുല്‍മേടാണെന്നും അവിടെ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടാകാന്‍ തക്ക സൗകര്യമോ സ്ഥലമോ ഇല്ലായിരുന്നുവെന്നാണ് മനോജ് സിന്‍ഹ പറഞ്ഞത്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നതെന്നും മനോജ് സിന്‍ഹ പറഞ്ഞു. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുര്‍ബലപ്പെടുത്താനായി മനഃപൂര്‍വമുള്ള പ്രഹരമായിരുന്നു അതെന്നാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞത്.
കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്നുവെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പക്ഷേ ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂര്‍ണമായും ഇല്ലാതായി എന്ന് പറയുന്നത് തെറ്റാണെന്നാണ് മനോജ് സിന്‍ഹയുടെ പക്ഷം. താഴ്വരയിലെ ബന്ദുകളും കല്ലെറിയല്‍ സംഭവങ്ങളും കഴിഞ്ഞ കാല സംഭവങ്ങളായി മാറിയെന്നും മനോജ് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.