യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 ലോഗോ മത്സരത്തില്‍ വെസ്റ്റ് യോര്‍ക്ക്ഷയര്‍ കീത്ത്‌ലി മലയാളി അസ്സോസ്സിയേഷനില്‍ നിന്നുള്ള ലിജോ ലാസര്‍ വിജയിയായി. ആഗസ്റ്റ് 30 ശനിയാഴ്ച നടക്കുന്ന ഏഴാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ മുഴുവന്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കും ലിജോ ഡിസൈന്‍ ചെയ്ത ലോഗോയായിരിക്കും ഉപയോഗിക്കുക.
നിരവധി പേര്‍ പങ്കെടുത്ത ലോഗോ മത്സരത്തില്‍ നിന്നാണ് ലിജോ ലാസറിന്റെ ലോഗോ യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തത്. അക്കൌണ്ടന്റായി ജോലി ചെയ്യുന്ന ലിജോ, വള്ളംകളിയുടെ നാടായ ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് സ്വദേശിയാണ്. ലോഗോ മത്സരത്തില്‍ വിജയിയായ ലിജോയ്ക്ക് വള്ളംകളി വേദിയില്‍ വെച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.
ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വന്‍ വിജയമാക്കുവാന്‍ യുക്മ ദേശീയ സമിതി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ, റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ പതിവ് പോലെ കാണികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികള്‍ കൊണ്ട് ഇക്കുറിയും അത്യാകര്‍ഷമാകും. യുക്മ - തെരേസാസ് 'ഓണച്ചന്തം' മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകള്‍ അണി നിരക്കുന്ന 'തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്', വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന തെയ്യം, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികള്‍ ഉള്‍പ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയില്‍ അരങ്ങേറുന്നത്.
യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-
അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186
ജയകുമാര്‍ നായര്‍ - 07403223006
ഡിക്‌സ് ജോര്‍ജജ് - 07403312250.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)