ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഭയമില്ലാതെ സംസാരിക്കാനുള്ള ഊര്‍ജവും ശക്തിയും നല്‍കിയെന്ന് ചലച്ചിത്രനടി അന്‍സിബ ഹസന്‍ പറഞ്ഞു. ജില്ലാ കുടുംബശ്രീമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് പ്രതികരണം. മോശം അനുഭവങ്ങളുണ്ടായാല്‍ ഒളിച്ചുവെക്കാതെ തുറന്നുപറയാന്‍ കഴിയണം. മുന്‍പ് ബസില്‍ യാത്രചെയ്യുമ്പോള്‍ മോശം അനുഭവമുണ്ടായത് പറഞ്ഞാല്‍ പറയുന്നവരെ മോശക്കാരാക്കുമായിരുന്നു. എന്തിനു പറഞ്ഞുവെന്ന് നമ്മളെ കുറ്റപ്പെടുത്തുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ സ്ഥിതിയല്ല. തുറന്നുപറയാന്‍ ഇപ്പോള്‍ ഭയമില്ലെന്നും അന്‍സിബ പറഞ്ഞു.
അതോടൊപ്പം സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ നേതൃനിരയില്‍ സ്ത്രീകളെത്തിയത് സിനിമ കോണ്‍ക്ലേവിന്റെ വിജയമായിട്ടാണ് കാണുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പുലിയൂരില്‍ ജില്ലാ കുടുംബശ്രീമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ക്ലേവിലെ പ്രധാന ചര്‍ച്ചാവിഷയം സിനിമ മേഖലയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തുല്യത ഉറപ്പാക്കുകയായിരുന്നു. അമ്മയുടെ നേതൃനിരയില്‍ സ്ത്രീകളെത്തിയത് നല്ല കാര്യമാണ്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീകളാണ്. അവരെ ഈ സ്ഥാനങ്ങളിലെത്തിക്കുന്നതിന് പുരുഷന്മാരുടെ പിന്തുണയുമുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.