ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നതിലും എളുപ്പത്തിലുള്ള പരിപാടി മോര്‍ട്ട്‌ഗേജ് തരപ്പെടുത്തി ഒരു വീട് സ്വന്തമാക്കുന്നതാണ്. വാടക വീട് ലഭിക്കാനുള്ള ബുദ്ധിമുട്ടും, അതിന് വേണ്ടിവരുന്ന അധിക വാടക നിരക്കും പരിഗണിക്കുമ്പോള്‍ വീട് വാങ്ങുന്നതാണ് ലാഭകരമെന്ന നിലവരും. എന്തായാലും ആദ്യമായി വീട് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഹൗസിംഗ് വിപണിയില്‍ ചുവടുവെയ്ക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രിമാര്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുകയാണ്. പുതിയ ഇക്കണോമിക് സെക്രട്ടറി, ട്രഷറി, ലൂസി റിഗ്ബിയും, ഹൗസിംഗ് മന്ത്രി മാത്യു പെന്നികുക്കുമാണ് ബാങ്കുകള്‍ക്കും, നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റിക്കും മുന്നില്‍ ഈ ആവശ്യങ്ങള്‍ അവതരിപ്പിക്കുക.
ആദ്യമായി വീട് സ്വന്തമാക്കുന്നവര്‍ക്ക് പ്രഥമ പരിഗണന നല്‍കുകയെന്നതാണ് ഇവര്‍ പ്രാധാന്യം നല്‍കുന്ന വിഷയം. മോര്‍ട്ട്‌ഗേജ് പരിഷ്‌കരങ്ങള്‍ വഴി ഊര്‍ജ്ജമേകി, 1.5 മില്ല്യണ്‍ പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ഗവണ്‍മെന്റ് കണക്കുകൂട്ടല്‍. ചെറിയ ഡെപ്പോസിറ്റില്‍, വരുമാനം കുറഞ്ഞവര്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കാനുള്ള പരിഷ്‌കാരങ്ങള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു.
ചാന്‍സലറുടെ പരിഷ്‌കാരങ്ങളുടെ ബലത്തില്‍ ലെന്‍ഡര്‍മാര്‍ക്ക് ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ ആറിരട്ടി അധികം ലോണുകള്‍ ഓഫര്‍ ചെയ്യാന്‍ വഴിയൊരുങ്ങി. സാധാരണമായി കടമെടുപ്പ് വരുമാനത്തിന്റെ 4.5 ഇരട്ടിയിലാണ് പരിമിതപ്പെടുത്തുന്നത്. ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി മോര്‍ട്ട്‌ഗേജ് ലെന്‍ഡിംഗ് നിയമങ്ങളും ലഘൂകരിക്കുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ ഭവനവില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.