കുപ്രശസ്ത കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനുമായി ചങ്ങാത്തം കൂടിയിരുന്ന വ്യക്തിയെ യുഎസിലേക്കുള്ള ബ്രിട്ടന്റെ അംബാസിഡറായി നിയോഗിച്ചത് സുരക്ഷാ സര്‍വ്വീസുകളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് റിപ്പോര്‍ട്ട്. ലോര്‍ഡ് മണ്ടേല്‍സന്റെ അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ ഇയാള്‍ അംബാസിഡര്‍ പദവിയില്‍ നിന്നും പുറത്താക്കേണ്ട ഗതികേടിലാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എത്തിച്ചേര്‍ന്നത്.
അതേസമയം മണ്ടേല്‍സന്റെ പ്രവൃത്തികള്‍ സംബന്ധിച്ച് സുരക്ഷാ സര്‍വ്വീസുകള്‍ സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. വെറ്റിംഗ് നടപടിക്രമങ്ങളില്‍ ആശങ്കകള്‍ അറിയിച്ചെങ്കിലും പ്രധാനമന്ത്രി ഇയാളെ സ്ഥാനത്ത് നിയോഗിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
ജെഫ്രി എപ്സ്റ്റീന് അയച്ച സന്ദേശങ്ങളുടെ പരമ്പര തന്നെ പുറത്തുവന്നതോടെയാണ് നാണംകെട്ട് മണ്ടേല്‍സനെ പുറത്താക്കാന്‍ സ്റ്റാര്‍മര്‍ക്ക് നടപടി എടുക്കേണ്ടി വന്നത്. സുരക്ഷാ സര്‍വ്വീസുകളുടെ മുന്നറിയിപ്പ് സ്‌കൈ ന്യൂസ് പുറത്തുവിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാല്‍ ഇതില്‍ നം.10 ഇടപെടല്‍ ഉണ്ടായില്ലെന്നും, പൂര്‍ണ്ണമായും ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലാണ് നടന്നതെന്നും വാദിക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ്.
മണ്ടേല്‍സന്റെ പുറത്താക്കല്‍ ഗവണ്‍മെന്റിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ഒരാഴ്ച മാത്രം അകലെയാണ്. ആഞ്ചെല റെയ്‌നര്‍ നികുതി വെട്ടിച്ചതിന് രാജിവെച്ചതിന്റെ പേരില്‍ തിടുക്കം പിടിച്ച് മന്ത്രിതല പുനഃസംഘടന നടത്തിയതിന് പിന്നാലെയാണ് പുതിയ കോലാഹലം.