എന്‍എച്ച്എസ് പ്രൊസീജ്യറുകള്‍ക്കുള്ള കാത്തിരിപ്പ് പട്ടിക തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ദ്ധിച്ചു. ജൂലൈ മാസത്തിലെ കണക്കുകള്‍ പ്രകാരം കാത്തിരിപ്പ് പട്ടിക 7.37 മില്ല്യണില്‍ നിന്നും 7.4 മില്ല്യണിലേക്കാണ് ഉയര്‍ന്നത്. ഡോക്ടര്‍മാരുടെ സമരങ്ങളും, ആശുപത്രികള്‍ റെക്കോര്‍ഡ് ഡിമാന്‍ഡ് നേരിട്ടതും ചേര്‍ന്നാണ് പട്ടികയുടെ നീളം വര്‍ദ്ധിപ്പിച്ചത്.
ഈ വര്‍ഷം കുറവ് വന്ന കണക്കുകളാണ് ഇപ്പോള്‍ തിരികെ വളര്‍ന്നിരിക്കുന്നത്. ഫെബ്രുവരി വരെ കൈവരിച്ച മുന്നേറ്റത്തിലേക്കാണ് ഇത് മടങ്ങിയത്. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിന്റെ കാത്തിരിപ്പ് കുറയ്ക്കുമെന്ന വാഗ്ദാനത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്.
ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ സേവനം മെച്ചപ്പെടുത്താന്‍ എന്‍എച്ച്എസ് ബുദ്ധിമുട്ടുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രോഗികളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്. ഒപ്പം ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഡോക്ടര്‍മാരുടെ സമരങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുന്നു.
കാത്തിരിപ്പ് സമയവുമായി നിരന്തരം പോരാട്ടത്തിലാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് സിഇഒ ജിം മാക്കി എംപിമാരോട് പറഞ്ഞു. സമരങ്ങള്‍ തുടര്‍ന്നാല്‍ അടുത്ത ആറ് മാസത്തില്‍ പട്ടിക എവിടെ ചെന്ന് നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആഗസ്റ്റിലെ ചര്‍ച്ചകളിലും ഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്നതിനാല്‍ ഡോക്ടര്‍മാര്‍ സമരങ്ങളുമായി മടങ്ങിയെത്താന്‍ തന്നെയാണ് സാധ്യത. ഇതിന് പുറമെ നഴ്‌സുമാരും, ആംബുലന്‍സ് ജീവനക്കാര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരും സമരമുഖത്തേക്ക് നീങ്ങുകയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച ലേബറിന് ഇപ്പോള്‍ ഭരണപക്ഷത്ത് യൂണിയനുകളുടെ ഷോക്ക് ട്രീറ്റ്‌മെന്റ് നേരിട്ട് അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്.