മാഞ്ചസ്റ്റര്‍ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് വെസ്റ്റ്മിന്‍സ്റ്ററില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ഞെട്ടിച്ച് ആക്ടിവിസ്റ്റുകള്‍. 'ജൂത സമൂഹത്തിന് എന്ത് സംഭവിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ലെന്ന്' പ്രഖ്യാപിച്ച് കൊണ്ടാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. സിനഗോഗില്‍ കത്തി അക്രമണം നടന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പായി പലസ്തീന്‍ അനുകൂല പ്രഖ്യാപനവുമായി ആളുകള്‍ തെരുവിലിറങ്ങിയത്.
ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടിലയില്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് നൂറുകണക്കിന് ആക്ടിവിസ്റ്റുകള്‍ ഡൗണിംഗ് സ്ട്രീറ്റിന് മുന്നിലേക്ക് എത്തിയത്. എന്നാല്‍ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗില്‍ രണ്ട് പേരെ ക്രൂരമായി കുത്തിക്കൊല്ലുകയും, മറ്റ് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അക്രമണം നടന്ന് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പാണ് ഇത് അരങ്ങേറിയത്.
ഗാസയിലേക്ക് 40 ബോട്ടുകളിലായി മനുഷ്യാവകാശ സഹായങ്ങളുമായി പോയ ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില തടഞ്ഞ് ഇതിലെ അംഗങ്ങളെ ഇസ്രയേല്‍ നേവി അറസ്റ്റ് ചെയ്തിരുന്നു ഇതിനെതിരെ നടന്ന പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ മുന്നോട്ട് പോയത്. പല ഭാഗത്തും പ്രതിഷേധക്കാരും മെറ്റ് പോലീസും പരസ്പരം ഏറ്റുമുട്ടി. അതേസമയം മാഞ്ചസ്റ്ററിലെ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു പ്രതിഷേധം നടത്തിയത് നാണക്കേടാണെന്ന് രാഷ്ട്രീയ നേതാക്കളും, ആന്റിസെമിറ്റിസം ക്യാംപെയിനര്‍മാരും ചൂണ്ടിക്കാണിച്ചു.
ഭീകരാക്രമണം അരങ്ങേറിയ മാഞ്ചസ്റ്ററില്‍ ജൂത സമൂഹം ദുഃഖത്തില്‍ ഇരിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ മാര്‍ച്ചുമായി മുന്നോട്ട് പോയി. പലസ്തീന്‍ പതാകയും, പ്ലക്കാര്‍ഡും ഏന്തിയുള്ള മാര്‍ച്ചിന് പോലീസ് കാവലുണ്ടായി. ജൂത കലണ്ടറിലെ വിശുദ്ധ ദിവസമായി കരുതുന്ന യോം കിപ്പുറിലാണ് ഭീകരാക്രമണവും, പലസ്തീന്‍ അനുകൂല പ്രതിഷേധവും നടന്നത്.