ഇതില്‍ കൂടുതലൊന്നും ഇനി ആന്‍ഡ്രൂ രാജകുമാരന്‍ നാണംകെടാന്‍ ബാക്കിയില്ല. ഇതിനകം തന്നെ ആവശ്യത്തിന് നാണംകെട്ടിട്ടുണ്ട്. രാജകുടുംബത്തിന് ഇത്രയേറെ തലവേദന സൃഷ്ടിച്ച മറ്റൊരു പുത്രന്‍ ഉണ്ടായിക്കാണില്ല. പക്ഷെ നാണക്കേടിന് അത്രയേറെ ആന്‍ഡ്രൂ ചെയ്തുവെച്ചിട്ടുണ്ടെന്നാണ് തെളിവുകള്‍ സഹിതം പുറത്തുവരുന്നത്.
ഡ്യൂക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം നേരിട്ട വിര്‍ജിനിയ ജിഫ്രെയ്‌ക്കൊപ്പം നില്‍ക്കുന്ന കുപ്രശസ്തമായ ചിത്രമാണ് ഇരയെ തനിക്ക് അറിയുകയേ ഇല്ലെന്ന വാദം തകര്‍ത്തുകളഞ്ഞത്. ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ ആന്‍ഡ്രൂ കൂട്ടുകാരന്‍ ജെഫ്രി എപ്സ്റ്റീന് ഇമെയില്‍ അയച്ചുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ഡെയ്‌ലി മെയില്‍ പുറത്തുവിട്ട ചിത്രം മൂലം കൂട്ടുകാരനുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെങ്കിലും നമ്മള്‍ ഇതിനെ ഒരുമിച്ച് നേരിടുമെന്നാണ് ആന്‍ഡ്രൂ എപ്സ്റ്റീന് ഉറപ്പ് നല്‍കിയത്. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചെന്ന് പറഞ്ഞ് 12 ആഴ്ചയ്ക്ക് ശേഷമായിരുന്നു ഈ ഇമെയില്‍ സന്ദേശം.
ഇതോടെ ബിബിസി അഭിമുഖത്തില്‍ ഉള്‍പ്പെടെ എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ലെന്ന ആന്‍ഡ്രൂവിന്റെ വാദം കളവായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ രാജകുടുംബത്തിന് ഡ്യൂക്കും കുടുംബവുമായുള്ള ബന്ധം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. വിന്‍ഡ്‌സര്‍ ഗ്രേറ്റ് പാര്‍ക്കിലെ റോയല്‍ ലോഡ്ജിലെ താമസവും തുലാസിലാണ്.