തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാന്‍ ഒരു ഡിജിറ്റല്‍ ഐഡി കാര്‍ഡ്. തുടക്കത്തില്‍ ആര്‍ക്കും വലിയ സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു ഐഡി കാര്‍ഡിന്റെ അവതരണം. എന്നാല്‍ പയ്യെ പയ്യെ ഗവണ്‍മെന്റ് ഭാഷ്യത്തിന് മാറ്റം വന്ന് തുടങ്ങി. തൊഴിലിന് മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്കും ഇത് രേഖയായി കാണിക്കേണ്ടി വരുമെന്ന സൂചന വന്നു. ഇപ്പോഴിതാ പൊതുസേവനങ്ങളില്‍ പ്രധാന രേഖയായി ഐഡി കാര്‍ഡ് മാറുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കുന്നു.
തൊഴില്‍ ചെയ്യാന്‍ അവകാശം നല്‍കുന്നതില്‍ മാത്രമായി ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ ഒതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചിരിക്കുന്നത്. വിവാദമായ സ്‌കീം പാസ്‌പോര്‍ട്ട്, കുട്ടികളുടെ സ്‌കൂള്‍ അഡ്മിഷന്‍, എന്നിവയ്‌ക്കൊപ്പം പൊതുസേവനങ്ങളിലെ പ്രവേശന കവാടമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജംബോ പ്രതിനിധി സംഘവുമായി ഇന്ത്യയിലെത്തിയപ്പോഴാണ് കീര്‍ സ്റ്റാര്‍മര്‍ വിഷയത്തില്‍ മനസ്സ് തുറന്നത്. തൊഴില്‍ ചെയ്യാന്‍ ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാകുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. അനധികൃത കുടിയേറ്റം തടയാന്‍ ഈ പദ്ധതി നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ വിഷയങ്ങളിലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് കൂട്ടിച്ചേര്‍ത്തു.
പഴയ ബില്ലുകള്‍ പ്രൂഫായി ഉപയോഗിക്കുന്നതില്‍ വലിയ പ്രയോജനമില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി. അതേസമയം ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ക്കുള്ള പിന്തുണ 35 ശതമാനത്തില്‍ നിന്നും -14 ശതമാനമായി താഴ്ന്നതായി സര്‍വ്വെ വെളിപ്പെടുത്തി.