
















ഒരു പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം ആര്‍മി ലെഫ്റ്റനന്റായി ചമഞ്ഞ് വഞ്ചിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത 27കാരന്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ സ്വദേശിയും ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ഡെലിവറി ഏജന്റുമായ ആരവ് മാലിക് ആണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലില്‍, പ്രതി ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ഒരു കടയില്‍ നിന്ന് ഓണ്‍ലൈനായി ആര്‍മി യൂണിഫോം വാങ്ങിയതായി വെളിപ്പെടുത്തി. മാലിക്കിന് ഇന്ത്യന്‍ ആര്‍മിയുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരിയെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ ഐഡന്റിറ്റി ഉപയോഗിക്കുകയായിരുന്നുവെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സരോജിനി നഗര്‍ എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അനുസരിച്ച്, സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 27 വയസ്സുള്ള ഡോക്ടര്‍ ഈ വര്‍ഷം ആദ്യം സോഷ്യല്‍ മീഡിയ വഴിയാണ് പ്രതിയെ പരിചയപ്പെട്ടത്.
ഏപ്രില്‍ 30നും സെപ്റ്റംബര്‍ 27നും ഇടയില്‍ മാലിക്, കശ്മീരില്‍ പോസ്റ്റ് ചെയ്ത ആര്‍മി ലെഫ്റ്റനന്റായി ചമഞ്ഞ് ഇന്‍സ്റ്റാഗ്രാം വഴിയും വാട്ട്സ്ആപ്പ് വഴിയും ഡോക്ടറുമായി പതിവായി ബന്ധപ്പെട്ടിരുന്നു,' ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (സൗത്ത് വെസ്റ്റ്) അമിത് ഗോയല്‍ പ്രസ്താവനയില്‍ പറഞ്ഞു.
'ഡോക്ടറുടെ വിശ്വാസം നേടുന്നതിനായി ഇയാള്‍ ആര്‍മി യൂണിഫോമിലുള്ള ഫോട്ടോകളും അയച്ചുകൊടുത്തു. പിന്നീട് അവരുടെ വസതിയില്‍ എത്തുകയും, കഴിക്കാന്‍ എന്തോ നല്‍കിയ ശേഷം, ശാരീരിക ബന്ധം സ്ഥാപിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
മാലിക്കിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.