
















വ്യക്തികളുടെ നികുതി പിരിക്കാനുള്ള ഒരു 'ചാന്‍സ്' നോക്കിയിരുന്ന ചാന്‍സലര്‍ക്ക് ഇക്കുറി ബജറ്റില്‍ ഈ ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പായി. ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കാനും, ഇതിന് അനുപാതികമായി നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നാണ് റേച്ചല്‍ റീവ്‌സ് ബജറ്റ് നിരീക്ഷകര്‍ മുന്‍പാകെ വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒടുവില്‍ നടത്തുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍ വ്യക്തിഗത നികുതി വര്‍ദ്ധിപ്പിക്കുന്നത് സുപ്രധാന നടപടിയായി ഇടം പിടിക്കുമെന്ന് ചാന്‍സലര്‍ ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയോട് പറഞ്ഞു. അതേസമയം സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കാനുള്ള പദ്ധതികളും കോമണ്‍സില്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബജറ്റ് നിരീക്ഷകര്‍ റീവ്‌സിന്റെ പദ്ധതികള്‍ പരിശോധിച്ച് ഇതിന്റെ പ്രത്യാഘാതങ്ങള്‍ ട്രഷറിയെ അറിയിക്കും. നവംബര്‍ 26 വരെ പദ്ധതി വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കാന്‍ റീവ്‌സിന് സമയം ലഭിക്കും. എന്നാല്‍ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ ചാന്‍സലര്‍ തീരുമാനിച്ചാല്‍ ഇത് ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ ലംഘനമാകും.
ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയൊന്നും വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിട്ട ലേബര്‍ ഇതുവഴിയാണ് വിജയം ഉറപ്പാക്കിയത്. എന്നാല്‍ ഭരണത്തിലേറിയതിന് ശേഷം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവില്ലെന്ന വാഗ്ദാനം ലംഘിച്ച ചാന്‍സലര്‍ ഇപ്പോള്‍ ഇന്‍കം ടാക്‌സ് വാഗ്ദാനവും മറക്കുന്നുവെന്നത് ജനങ്ങളെ ചതിക്കുന്നതിന് തുല്യമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.