
















ഡിസംബറില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം പരമോന്നതിയില്‍ എത്തിയെന്ന് സൂചന ലഭിച്ചതോടെയാണ് ഈ നീക്കം. റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഒന്നുകില്‍ നന്നാകും, അല്ലെങ്കില്‍ തകര്‍ക്കുമെന്ന അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. അതിനാല്‍ കടമെടുപ്പ് ചെലവുകള്‍ ഇപ്പോഴും മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്.
ചാന്‍സലറുടെ നികുതി, ചെലവ് പ്രഖ്യാപനങ്ങള്‍ മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോഴാണ് നാലിനെതിരെ അഞ്ച് വോട്ടിന് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി കടമെടുപ്പ് ചെലവുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. പണപ്പെരുപ്പം നിലവിലെ 3.8 ശതമാനത്തില്‍ നിന്നും താഴുമെന്ന ബാങ്കിന്റെ പുതിയ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ബജറ്റിന് ശേഷം പലിശ കുറയുമെന്നാണ് സിറ്റി ഇക്കണോമിസ്റ്റുകളുടെ പ്രതീക്ഷ.
പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ തുടരുമോയെന്നും, റീവ്‌സിന്റെ ബജറ്റ് ഏത് വിധത്തിലാണ് പ്രത്യാഘാതം സൃഷ്ടിക്കുകയെന്നും കാത്തിരുന്ന് കാണാനാണ് തീരുമാനമെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.
'പലിശ നിരക്കുകള്‍ 4 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയാണ്. നിരക്കുകള്‍ ഘട്ടംഘട്ടമായി താഴേക്ക് പോകുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് പോകുമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് കുറയ്ക്കുന്നതിലേക്ക് പോകുക', ബെയ്‌ലി പറഞ്ഞു.
കടമെടുപ്പ് ചെലവുകള്‍ 2024 ജൂലൈ മുതല്‍ അഞ്ച് തവണ കുറച്ചിരുന്നു. അതേസമയം പണപ്പെരുപ്പം 3.8 ശതമാനത്തില്‍ തുടരുകയാണ്. ബജറ്റില്‍ ചാന്‍സലര്‍ നികുതികള്‍ ഉയര്‍ത്തുമ്പോള്‍ സമ്പദ് വ്യവസ്ഥ മെല്ലെപ്പോക്കിലേക്ക് നീങ്ങും.