
















റസിഡന്റ് ഡോക്ടര്‍മാരുമായുള്ള ശമ്പളതര്‍ക്കം പരിഹരിക്കാനുള്ള ഹെല്‍ത്ത് സെക്രട്ടറിയുടെ പുതിയ ശ്രമവും പരാജയപ്പെട്ടു. ഇതോടെ അഞ്ച് ദിവസത്തെ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുമെന്ന് ഉറപ്പായി. സമരം ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി പുതിയ ഓഫര്‍ മുന്നോട്ട് വെച്ചെങ്കിലും നാല് മണിക്കൂറിനുള്ളില്‍ ഇത് തള്ളിയാണ് ബിഎംഎ പ്രതികരിച്ചത്.
വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വെച്ച ഓഫര്‍ വളരെ പരിമിതമാണെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റസിഡന്റ് ഡോക്ടര്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. കരിയറിന്റെ തുടക്കത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ട്രെയിനിംഗ് നേടാന്‍ 1000 പുതിയ സീറ്റുകള്‍ സൃഷ്ടിക്കുമെന്നാണ് സ്ട്രീറ്റിംഗ് വാഗ്ദാനം ചെയ്തത്. ആകെയുള്ള 2000 സീറ്റുകളില്‍ പകുതി ഈ വര്‍ഷം മുതല്‍ ലഭ്യമാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കൂടാതെ പരീക്ഷകളുടെ ഫീസ്, മെംബര്‍ഷിപ്പ് എന്നിവയ്ക്ക് ധനസഹായം നല്‍കാനും ഹെല്‍ത്ത് സെക്രട്ടറി തയ്യാറായി. എന്നാല്‍ 2025-26 വര്‍ഷത്തേക്ക് കൂടുതല്‍ ശമ്പളവര്‍ദ്ധന നല്‍കില്ലെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നല്‍കിയ 28.9 ശതമാനം വര്‍ദ്ധന തന്നെ പൊതുഖജനാവില്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു.
അതേസമയം വിന്ററില്‍ ഫ്‌ളൂ സീസണിനൊപ്പം സമരങ്ങള്‍ കൂടി ചേരുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന ആശങ്ക ശക്തമാണ്. മോശം ഫ്‌ളൂ സീസണ്‍ നേരിട്ടാല്‍ സ്ഥിതി മോശമാകുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഫ്‌ളൂ വാക്‌സിനേഷന്‍ അടുത്ത ആഴ്ച തന്നെ സ്വീകരിച്ച് പുതിയ തരംഗത്തില്‍ നിന്നും രക്ഷനേടാന്‍ എന്‍എച്ച്എസ് മുന്നറിയിപ്പ് പുറത്തുവിട്ടു.