
















ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മാഫിയാ സംഘങ്ങളെ പോലെയാണ് പെരുമാറുന്നതെന്ന കടുത്ത ആരോപണവുമായി ഹെല്‍ത്ത് സെക്രട്ടറി. ഡോക്ടര്‍മാരുടെ പുതിയ പണിമുടക്ക് വെള്ളിയാഴ്ച ആരംഭിക്കാന്‍ ഇരിക്കവെയാണ് വെസ് സ്ട്രീറ്റിംഗ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇവരുടെ നിലപാടുകള്‍ എന്‍എച്ച്എസിന്റെ ഭാവിയെ അപകടത്തിലാക്കുന്നുവെന്നും സ്ട്രീറ്റിംഗ് ആരോപിക്കുന്നു.
ശമ്പള ആവശ്യത്തില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ അത്യാര്‍ത്തിയാണ് കാണിക്കുന്നതെന്ന് കുറ്റപ്പെടുത്തുന്ന തരത്തിലാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ രൂക്ഷമായ വിമര്‍ശനം. വര്‍ദ്ധന ആവശ്യത്തില്‍ ബിഎംഎ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ നിര്‍്‌ദ്ദേശിച്ച സ്ട്രീറ്റിംഗ്, മന്ത്രിമാരെ ബന്ദികളാക്കാമെന്ന തോന്നല്‍ വേണ്ടെന്നും വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ശമ്പളം കിട്ടാന്‍ മറ്റ് ജോലിക്കാര്‍ അധിക നികുതി നല്‍കേണ്ടി വരുമെന്നതിനെ പോലും യൂണിയന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു, സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ച മുതല്‍ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെയാണ് ഹെല്‍ത്ത് സെക്രട്ടറി രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.
എന്‍എച്ച്എസ് വിന്ററിലേക്ക് പ്രവേശിക്കാന്‍ ഇരിക്കുന്ന ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ സമരം വരുന്നത് വലിയ പ്രത്യാഘാതത്തിന് കാരണമാകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ ശമ്പളം 28.9% വര്‍ദ്ധിച്ചിരുന്നു. മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നാമമാത്രമായ വര്‍ദ്ധന മാത്രമാണ് ലഭിച്ചത്.