CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 4 Seconds Ago
Breaking Now

ലെസ്റ്റര്‍ ലാസ്യ കലാകേന്ദ്ര ആരംഭിച്ച 'മധുരം മലയാളം' സ്‌കൂളിന്റെ ഉദ്ഘാടനം വര്‍ണ്ണാഭമായി; ആദ്യ ക്ലാസില്‍ അക്ഷരങ്ങള്‍ കുറിക്കുവാന്‍ നൂറിലധികം കുരുന്നുകള്‍.

ലണ്ടന്‍: യുകെയിലെ ലെസ്റ്റര്‍ ലാസ്യ കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'മധുരം മലയാളം' ക്ലാസിന്റെ ഉദ്ഘാടനം വര്‍ണ്ണാഭമായി നടന്നു. ലെസ്റ്ററിലെ മുഴുവന്‍ മലയാളി കുടുംബങ്ങളുടെയും സ്വപ്നമായ-കുട്ടികള്‍ക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലാസ്യ കലാകേന്ദ്ര ഈ ഭാഷാ പഠന കേന്ദ്രത്തിന് തുടക്കം കുറിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ലെസ്റ്റര്‍ വൂഡ്ഗേറ്റ് കമ്മ്യൂണിറ്റി സെന്ററില്‍ കുട്ടികളും അധ്യാപകരും മാതാപിതാക്കളുമുള്‍പ്പെടെയുള്ള സദസ്സിനെ സാക്ഷി നിര്‍ത്തി 'മധുരം മലയാളം' സ്‌കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരളസഭാംഗവുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ലാസ്യ കലാകേന്ദ്ര  ഡയറക്ടര്‍ ശ്രീജിത്ത് മാടക്കത്ത് അധ്യക്ഷത വഹിച്ചു.  മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍, റീജണല്‍ കോഡിനേറ്ററും ലോക കേരളസഭാംഗവുമായ ആഷിക്ക് മുഹമ്മദ് നാസര്‍, ഗീതു ശ്രീജിത്ത്, കൃഷ്ണപ്രസാദ്, ഗീത ലക്ഷ്മണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അജേഷ് നായര്‍ സ്വാഗതവും അനുപമ സ്മിജു നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മലയാളം മിഷന്‍ ഭാരവാഹികള്‍ വിദേശത്ത് വളരുന്ന കുട്ടികള്‍ക്ക് മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യവും മലയാളം മിഷന്റെ ലക്ഷ്യങ്ങളും വിശദീകരിച്ചു. തുടര്‍ന്ന്, കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ചൊല്ലിയും കുട്ടികളെ ആവേശഭരിതരാക്കികൊണ്ടും എബ്രഹാം കുര്യന്‍ ആദ്യ ക്ലാസിന് നേതൃത്വം നല്‍കി..

അധ്യാപകരായും ഭാഷാപ്രവര്‍ത്തകരായും സേവനം ചെയ്യുന്ന അജേഷ് നായര്‍, സ്റ്റെഫി അജിത്, ഷിജി സ്റ്റാന്‍ലി, സുനില്‍ പിള്ള, ശ്രീലക്ഷ്മി പ്രസാദ്, ലിസ ബിജു, രേവതി വെങ്ങലോട്, ഡീന മാണി, ഷെര്‍ലിന്‍ എബി, മോനിഷ ശ്രീജിത്ത്, അശ്വതി നിവ്യ, സ്വപ്ന, ഗീതു, അനുപമ സ്മിജു എന്നിവര്‍ക്ക് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

കേരളീയ നൃത്ത കലകളും സംസ്‌കാരവും സമന്വയിപ്പിച്ചുകൊണ്ട് ഇരുന്നൂറോളം കുട്ടികളെയും മുതിര്‍ന്നവരെയും നൃത്തരൂപങ്ങള്‍ അഭ്യസിപ്പിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതുതലമുറക്ക് മലയാളത്തിന്റെ മാധുര്യവും സമ്പന്നതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'മധുരം മലയാളം' സ്‌കൂള്‍ ആരംഭിക്കുന്നതിന് ലാസ്യ കലാകേന്ദ്ര മുന്നോട്ടുവന്നത്.

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ലെസ്റ്റര്‍ ലാസ്യ കലാകേന്ദ്ര ആരംഭിച്ചിരിക്കുന്ന 'മധുരം മലയാളം' ക്ലാസിലൂടെ കുട്ടികള്‍ക്ക് ഭാഷയോടുള്ള സ്‌നേഹവും അഭിമാനവും വളര്‍ത്താന്‍ സാധിക്കട്ടെയെന്നും ലെസ്റ്ററിലുള്ള കുട്ടികള്‍ ഈ അവസരം വിനിയോഗിക്കുന്നതിനായി മാതാപിതാക്കളുടെ പൂര്‍ണ്ണമായ പ്രോത്സാഹനം ഉണ്ടാവണമെന്നും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആഷിക്ക് മുഹമ്മദ് നാസര്‍ എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു.

 

 

ശ്രീജിത്ത് മാടക്കത്ത്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.