CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 43 Seconds Ago
Breaking Now

ക്രിസ്മസ് പൊളിച്ച് റീവ്‌സ്; ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ സാരമായി ബാധിക്കുന്നു; നവംബറിലെ ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് ഉപേക്ഷിച്ച ജനങ്ങള്‍ ക്രിസ്മസും ഒതുക്കത്തില്‍ ആഘോഷിക്കും; പുതുവര്‍ഷത്തിലും ആശ്വാസം അകലെ?

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്‍പ്പന കുറഞ്ഞതായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി

ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ബ്രിട്ടന്‍. ഡിസംബര്‍ 25 ഇങ്ങ് പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. ഷോപ്പിംഗ് നടത്തി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തുമ്പോള്‍ പതിവില്‍ കവിഞ്ഞ് ബജറ്റ് മാറ്റിവെയ്‌ക്കേണ്ടി വരുമ്പോഴാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഇഫക്ട് പൊതുജനം തിരിച്ചറിയുന്നത്. 

ബജറ്റിന്റെ പ്രത്യാഘാതമെന്നോണം ഇപ്പോള്‍ ജനങ്ങള്‍ ഷോപ്പിംഗ് കുറയ്ക്കുന്നുവെന്ന പരാതിയാണ് റീട്ടെയിലര്‍മാര്‍ പങ്കുവെയ്ക്കുന്നത്. ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിവേട്ട കസ്റ്റമേഴ്‌സിന്റെ പഴ്‌സ് പൂട്ടിക്കെട്ടുകയാണ് ചെയ്തിരിക്കുന്നത്. നവംബറിലെ ബ്ലാക്ക് ഫ്രൈഡേ സെയില്‍സ് ജനങ്ങള്‍ കൈവിട്ടത് കനത്ത തിരിച്ചടിയായി മാറിയിരുന്നു. 

ഇത് ഡിസംബറിലും ആവര്‍ത്തിക്കുമെന്നാണ് ഷോപ്പുകള്‍ ഭയക്കുന്നത്. എന്നുമാത്രമല്ല പുതുവര്‍ഷത്തിലും സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നും ആശങ്കയില്‍ പറയുന്നു. ക്രിസ്മസിലേക്കുള്ള ഒരുക്കത്തിലാണ് ഷോപ്പുകള്‍ക്ക് ആശ്വാസമേകുന്ന ആവേശം പ്രകടമാകാറുള്ളത്. എന്നാല്‍ ഇക്കുറി ആവേശം തണുത്ത മട്ടിലാണ്. 

ലേബര്‍ നയങ്ങള്‍ മൂലം ബിസിനസ്സ് നിരക്കുകള്‍ ഉയര്‍ന്നതും, എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലെ വേട്ടയും, മിനിമം വേജ് കുത്തനെ ഉയര്‍ത്തിയതുമെല്ലാം ബിസിനസ്സുകള്‍ക്ക് ആഘാതമാണ്. ഇതിനൊപ്പമാണ് കച്ചവടവും കുറയുന്നത്. 'ഹൈസ്ട്രീറ്റിലെ നിരാശ പബ്ബിലും, റെസ്റ്റൊറന്റിലും, കാര്‍ ഷോറൂമിലും വരെ പ്രകടമാകുന്നുണ്ട്. ബിസിനസ്സുകള്‍ക്ക് ഈ സമയം സുപ്രധാനമാണ്. ഉയര്‍ന്ന ചെലവുകളുമായി റീവ്‌സ് എല്ലാവരുടെയും ക്രിസ്മസ് നാശമാക്കി', ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്ത് പറഞ്ഞു. 

അവസാന നിമിഷം പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റുകള്‍ വാങ്ങുന്ന സൂപ്പര്‍ സാറ്റര്‍ഡേയിലാണ് ഈ ദുരിത ചിത്രം വ്യക്തമാകുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വില്‍പ്പന കുറഞ്ഞതായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.