
















ഗ്രീന്‍ലാന്‍ഡില്‍ അധിനിവേശം നടത്താന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക മേധാവികള്‍ക്ക് ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ട്. സീനിയര്‍ സൈനിക ഉദ്യോഗസ്ഥര്‍ പദ്ധതിയെ എതിര്‍ക്കുമ്പോഴും പദ്ധതി തയ്യാറാക്കി വെയ്ക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ഓപ്പറേഷന്റെ വിജയമാണ് പുതിയ ആലോചനയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. യുഎസ് പ്രസിഡന്റ് പൊളിറ്റിക്കല്‍ ഉപദേശകന്‍ സ്റ്റീഫന്‍ മില്ലറാണ് പദ്ധതിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത്. റഷ്യയോ, ചൈനയോ ഈ നീക്കം നടത്തുന്നതിന് മുന്‍പ് ദ്വീപ് പിടിക്കാനാണ് ട്രംപിന്റെ നീക്കം.
യുഎസ് സമ്പദ് വ്യവസ്ഥയുടെ മോശം പ്രകടനത്തില്‍ നിന്നും വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കുന്നതും ട്രംപിന്റെ ഉദ്ദേശമാണെന്ന് ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ കരുതുന്നു. ഈ വര്‍ഷം മിഡ്-ടേം തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ നേടുമെന്ന ആശങ്ക ട്രംപിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ തന്നെ ഇംപീച്ച് ചെയ്യുമെന്ന് പ്രസിഡന്റ് തന്നെ പാര്‍ട്ടിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഗ്രീന്‍ലാന്‍ഡില്‍ കടന്നുകയറിയാല്‍ അത് നാറ്റോ സഖ്യകക്ഷികളുമായി പോരിലേക്ക് നയിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെ ഇതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം ഇറാനില്‍ അക്രമം നടത്താനുള്ള ട്രംപ് പദ്ധതി വെളിപ്പെടുത്തി. ഇറാന്‍ ജനത ഇസ്ലാമിക നേതൃത്വത്തിന് എതിരായി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ബലത്തിലാണ് ട്രംപിന്റെ സഹായ പദ്ധതി. 50-ലേറെ പ്രതിഷേധക്കാരെ ഇറാന്‍ ഭരണകൂടം കൊലപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ മരിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത അക്രമം നടത്തുമെന്ന് പ്രസിഡന്റ് ഇറാന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.