
















ചികിത്സയില്‍ ഗുരുതരമായ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം ജോലിയില്‍ നിന്ന് സസ്‌പെന്‍ഷന്‍. നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തിലാണ് നഴ്‌സിനെതിരെ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്.നഴ്‌സിങ് തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കും വിധത്തിലുള്ള വീഴ്ചകളാണ് നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. രോഗികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ പരാജയപ്പെട്ടത് പ്രൊഫഷണല്‍ മിസ്‌കണ്ടക്ടായി കോടതി കണ്ടെത്തി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതും രോഗികളുടെ പരിചരണത്തില്‍ അശ്രദ്ധ കാണിച്ചതുമാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടപടിയിലേക്കെത്തിയത്.
രോഗികള്‍ക്ക് നല്‍കേണ്ട മരുന്നിന്റെ അളവില്‍ തെറ്റുപറ്റിയതായും കൃത്യസമയം മരുന്നു നല്‍കുന്നതില്‍ പരാജയപ്പെട്ടതായും കണ്ടെത്തി. രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പേഷ്യന്റ് നോട്ടീസില്‍ രേഖപ്പെടുത്തുന്നതിലും നഴ്‌സ് വീഴ്ച വരുത്തി. അടിയന്തര ഘട്ടങ്ങളില്‍ പാലിക്കേണ്ട ക്ലിനിക്കല്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ചു.ഈ സാഹചര്യത്തിലാണ് 12 മാസം സസ്‌പെന്‍ഷന്‍.
സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ച ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനാകും. എന്നാല്‍ മതിയായ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കി പിഴവുകള്‍ തിരുത്തിയെന്ന് എന്‍എംസി പാനലിനെ ബോധിപ്പിക്കണം. എന്‍എംസിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ നഴ്‌സിന് അവകാശമുണ്ട്.