CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 43 Seconds Ago
Breaking Now

സ്റ്റീവനേജ് മലയാളി ജേക്കബ് ജോര്‍ജ്ജ് നാട്ടില്‍ നിര്യാതനായി; ആകസ്മിക മരണം ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയപ്പോള്‍

ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാര്‍ഷീകത്തില്‍ പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്.

സ്റ്റീവനേജ്: സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ മെമ്പറും, ഹോന്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയംഗവും, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനുമായിരുന്ന ജേക്കബ് ജോര്‍ജ്ജ്  നാട്ടില്‍ നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവന്‍ കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാര്‍ഷീകത്തില്‍ പങ്കുചേരുന്നതിനായി   നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്.  ഒന്നാം ചരമ വാര്‍ഷീക പ്രാര്‍ത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.  

സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളില്‍ സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരില്‍ക്കണ്ട് ഹസ്തദാനം ചെയ്ത്, നര്‍മ്മസംഭാഷണങ്ങള്‍ നടത്തിയും, വിശേഷണങ്ങള്‍ തേടിയും കൂട്ടത്തിലൊരാളായി നിഴല്‍പോലെ കണ്ടു വന്നിരുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാര്‍ത്ഥത്തില്‍ ശോകമൂകമാക്കിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും  സജീവമായിരുന്ന ജേക്കബ്  ലണ്ടനിലെ ഹോന്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ജേക്കബ് ലണ്ടനില്‍  കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരെങ്കിലും എത്തിയാല്‍ അവിടെ എത്തി കാണുകയും, ഐഒസി യുടെ പരിപാടികളില്‍ പങ്കുചേരുകയും ചെയ്യുന്ന ഒരാളായിരുന്നു.

സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലിലെ നേഴ്‌സിങ് സ്റ്റാഫ്, സാരു ജേക്കബാണ് ഭാര്യ. സാരു ജേക്കബ്, കോന്നി, വകയാര്‍, പീടികയില്‍ കുടുംബാംഗമാണ്. ആഗി ആന്‍ ജേക്കബ് (ഫൈനാന്‍സ് ഓഫീസര്‍)  മിഗി മറിയം ജേക്കബ് (ആര്‍ക്കിടെക്ട്), നിഗ്ഗി സൂസന്‍ ജേക്കബ് ( ലീഡ്സില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളും, അര്‍ജുന്‍ പാലത്തിങ്കല്‍ മരുമകനും ( സ്റ്റീവനേജ്, ലിസ്റ്റര്‍ ഹോസ്പിറ്റല്‍ ബയോമെഡിക്കല്‍ എഞ്ചിനീയര്‍), അഷര്‍ കൊച്ചു മകനുമാണ്.  

സ്റ്റീവനേജില്‍ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരന്‍ സാബു ഡാനിയേല്‍, പീടികയില്‍ നാട്ടില്‍ പരേതനോടൊപ്പം ഉണ്ടായിരുന്നു. സംസ്‌ക്കാരം പിന്നീട് പത്തനംതിട്ട മാര്‍ത്തോമ്മാ പള്ളിയില്‍  വെച്ച് നടത്തപ്പെടും. യു കെ യിലുള്ള പരേതന്റെ മക്കള്‍ നാട്ടിലേക്ക്   ഇന്നുതന്നെ തിരിക്കുന്നതാണ്.

യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി എബി സെബാസ്റ്റ്യന്‍, സര്‍ഗ്ഗം സ്റ്റീവനേജിനുവേണ്ടി മനോജ് ജോണ്‍, ഐഒസിക്കുവേണ്ടി ജോണി കല്ലടാന്തിയില്‍, മാര്‍ത്തോമ്മാ പള്ളി വികാരി റവ. ജോണ്‍ മാത്യു തുടങ്ങിയവര്‍ പരേതന് ആത്മശാന്തി നേരുകയും, സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.