
















രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലണ്ടനിലെ വീട്ടുടമകള്‍ക്ക് വീട് വില്‍പ്പന നഷ്ടക്കച്ചവടമായി കലാശിക്കുന്നു. ഔദ്യോഗിക വിവരങ്ങള്‍ പരിശോധിച്ച പ്രോപ്പര്‍ട്ടി സ്ഥാപനമായ ഹാംപ്ടണ്‍സാണ് ഇത്തരമൊരു അനുമാനം പുറത്തുവിടുന്ന്.
2025-ല്‍ ലണ്ടനില്‍ വീടുവിറ്റ 14.8 ശതമാനം പേര്‍ക്കും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്തേണ്ടി വന്നുവെന്നാണ് ലാന്‍ഡ് രജിസ്ട്രി ഡാറ്റ വ്യക്തമാക്കുന്നത്. ഇതോടെ വാങ്ങിയതിലും കുറഞ്ഞ വിലയില്‍ വീട് വില്‍ക്കുന്ന ഇടമെന്ന നോര്‍ത്ത് ഈസ്റ്റ് മേഖലയുടെ ചീത്തപ്പേര് ലണ്ടന് മുകളില്‍ പതിച്ചിരിക്കുകയാണ്. 
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒന്‍പത് വര്‍ഷവും നഷ്ടത്തില്‍ വില്‍പ്പന നടത്തിയ ഇടമായിരുന്നു നോര്‍ത്ത് ഈസ്‌റ്റെന്ന് ഹാംപ്ടണ്‍സ് പറയുന്നു. എന്നാല്‍ നഷ്ടക്കച്ചവടത്തില്‍ ഇപ്പോള്‍ ചിത്രം മാറുകയാണ്. കഴിഞ്ഞ ഒരു ദശകത്തില്‍ ഈ വില്‍പ്പന നഷ്ടം പകുതിയായി കുറയ്ക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചിട്ടുണ്ട്. 2019-ല്‍ 29.9 ശതമാനം വില കുറച്ച് വിറ്റിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 13.9 ശതമാനമായി നഷ്ടം താഴ്ന്നു.
2025-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 8.7 ശതമാനം വില്‍പ്പന നടത്തിയവര്‍ക്കും ഒറിജിനലായി മുടക്കിയ തുകയേക്കാള്‍ കുറവാണ് വില്‍പ്പനയിലൂടെ കൈവന്നത്. ലണ്ടനിലെ ഫ്‌ളാറ്റ് വില്‍പ്പനക്കാരാണ് ഇത് പ്രധാനമായും നേരിടുന്നത്. 10 ലോക്കല്‍ അതോറിറ്റികളില്‍ എട്ടിടത്തും തലസ്ഥാനത്ത് നഷ്ടത്തിലുള്ള വില്‍പ്പന നടന്നിട്ടുണ്ട്.
അതേസമയം നോര്‍ത്ത് ഇംഗ്ലണ്ടില്‍ ഭവനവില കഴിഞ്ഞ ഒരു ദശകത്തിനിടെ വളര്‍ച്ച രേഖപ്പെടുത്തി. സൗത്ത് മേഖലയെ അപേക്ഷിച്ച് മികച്ച ലാഭം ഇവിടെ കിട്ടുന്നുവെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. സൗത്ത് ഇംഗ്ലണ്ടിലും വാങ്ങിയ വിലയേക്കാള്‍ കുറവാണ് വില്‍ക്കുമ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്ത് ഇംഗ്ലണ്ടിലും വില്‍പ്പന നഷ്ടം വളരെ കുറവാണ്.