
















റേച്ചല്‍ റീവ്‌സിന് അറിയാവുന്ന ഒരു കാര്യം നികുതി വര്‍ദ്ധിപ്പിക്കലാണെന്ന ആരോപണങ്ങള്‍ പതിവാണ്. തന്റെ രണ്ട് ബജറ്റുകള്‍ കൊണ്ട് തന്നെ ചാന്‍സലര്‍ അത് തെളിയിച്ചിട്ടുണ്ട്. അതേസമയം ബജറ്റുകള്‍ ഉപയോഗിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ല. ഈ രണ്ട് ഘടകങ്ങളും ചേര്‍ന്ന് ഇപ്പോള്‍ വീണ്ടും നികുതി വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് പുറത്തുവരികയാണ്.
നവംബറിലെ ബജറ്റില്‍ നടത്തിയ നികുതി വേട്ടയില്‍ ലഭിച്ച പണമെല്ലാം ഖജനാവില്‍ നിന്നും പുറത്തേക്ക് ഒഴുകിയതോടെയാണ് ഈ ടാക്‌സ് റെഡ് അലേര്‍ട്ട്. തന്റെ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്താനാണ് നികുതി വര്‍ദ്ധനവെന്ന് റീവ്‌സ് വാദിച്ചിരുന്നു. എന്നാല്‍ ബ്ലൂംബര്‍ഗിന്റെ അനാലിസിസ് അനുസരിച്ച് 22 ബില്ല്യണ്‍ പൗണ്ടില്‍ മൂന്നില്‍ രണ്ട് ഭാഗവും അപ്രത്യക്ഷമായി കഴിഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പല ഗവണ്‍മെന്റ് പദ്ധതികളും ഉപേക്ഷിച്ചതും, കുറഞ്ഞ ജിഡിപി വളര്‍ച്ചയും, ഡിഫന്‍സ് ഫണ്ടിംഗിലെ കുറവും എല്ലാം ചേര്‍ന്നാണ് ഇത്. ബജറ്റിന് ശേഷം ജനരോഷം ഉയര്‍ന്നതോടെ കര്‍ഷക കുടുംബങ്ങള്‍ക്ക് മേലുള്ള ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നിയമങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. വര്‍ഷത്തില്‍ 130 മില്ല്യണ്‍ പൗണ്ടാണ് ഇതിനായി ചെലവ് വരുന്നത്.
ഇപ്പോള്‍ പബ്ബുകളുടെ ബിസിനസ്സ് റേറ്റ് വര്‍ദ്ധനവും മയപ്പെടുത്താനുള്ള നീക്കത്തിലാണ് റീവ്‌സ്. നെറ്റ് മൈഗ്രേഷന്‍ കുത്തനെ കുറയുന്നതും ട്രഷറിക്ക് തലവേദനയാണ്. ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ജിഡിപിക്ക് ഉത്തേജനം നല്‍കും. ദീര്‍ഘകാല ഒഴുക്കില്‍ 1 ലക്ഷത്തോളം കുറവ് വന്നാല്‍ 2029-30 ആകുമ്പോള്‍ നികുതി വരുമാനത്തില്‍ 9 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് നേരിടുക.