
















ചില കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് മാന്യമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കും, ബ്രിട്ടീഷ് വിസ സ്വപ്‌നം കാണുന്നവര്‍ക്കും പാരയാണ്. കെയര്‍ വര്‍ക്കര്‍ വിസ ഈ വിധം കുടിയേറ്റക്കാരുടെ ഒഴുക്കിന് ഇടയാക്കിയതോടെയാണ് അതിനൊരു തീരുമാനമായത്. എന്നാല്‍ എന്‍എച്ച്എസ് വിസ റൂട്ടില്‍ വ്യാപക ദുരുപയോഗം അരങ്ങേറിയതായി സംശയം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കെയര്‍ വര്‍ക്കറായി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന്‍ ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ കറി വിളമ്പുന്ന വ്യക്തിയായി ചെന്നുപെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 2023-ല്‍ ഹെല്‍ത്ത് കെയര്‍ വിസയില്‍ എത്തിയ 26-കാരന്‍ ഇജാജ് അബിദ് റെഡ്‌വാന്‍ ഹ്രിദോയ് ചെഷയറിലെ ജുനൂണ്‍ ഇന്ത്യന്‍ റെസ്‌റ്റൊറന്റില്‍ ജോലി ചെയ്യുന്നതായാണ് ഹോം ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള കാരവാനിലായിരുന്നു ഇയാളുടെ താമസം. 
ഹ്രിദോയുടെ വിസ പിന്‍വലിച്ച നടപടി കോടതിയിലെത്തിയെങ്കിലും കേസ് വിജയിച്ചില്ല. ഇതോടെയാണ് ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍ വിസ സ്‌കീമുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി ആരോപണം ശക്തമായത്. കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്യാന്‍ ഉദ്ദേശമില്ലാത്ത, ബ്രിട്ടനില്‍ എങ്ങനെയെങ്കില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചവര്‍ ഇത് ചൂഷണം ചെയ്‌തെന്നാണ് എംപിമാര്‍ പരാതിപ്പെടുന്നത്.
2020-ല്‍ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ തുടങ്ങിയ ശേഷം 760,000-ലേറെ വിദേശ പൗരന്‍മാര്‍, ഡിപ്പന്റന്‍ഡ്‌സ് ഉള്‍പ്പെടെ, ഇത് ഉപയോഗിച്ചു. ജൂലൈയില്‍ വിസാ മാറ്റങ്ങള്‍ പ്രഖ്യാപിച്ചതോടെ വിദേശ പൗരന്‍മാര്‍ക്ക് കെയര്‍ വിസ നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. വന്‍തോതില്‍ ഫീസ് വാങ്ങിയ കെയര്‍ വിസ നേടിക്കൊടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ജോലി ലഭിക്കാത്തതും, ചൂഷണത്തിന് ഇരയാക്കുന്നതുമായ നിരവധി സംഭവങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു നടപടി.