
















ട്രാന്‍സ്‌ജെന്‍ഡര്‍ സഹജീവനക്കാരിയ്‌ക്കൊപ്പം ചേഞ്ചിംഗ് റൂം പങ്കിടാന്‍ നിര്‍ബന്ധമാക്കിയ ആരോഗ്യ മേധാവികളുടെ ഖേദപ്രകടനം നിരസിച്ച് ഡാര്‍ലിംഗ്ടണ്‍ നഴ്‌സുമാര്‍. നഴ്‌സുമാരുടെ അന്തസ്സ് ഹനിയ്ക്കുന്ന നടപടിയാണ് ഹെല്‍ത്ത് ട്രസ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയതോടെയാണ് രണ്ടരവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ സ്ത്രീകളോട് മാപ്പ് പറഞ്ഞത്.
ഈ മാസം ആദ്യം എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ജഡ്ജ് നടത്തിയ വിധിപ്രസ്താവത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയ്‌ക്കൊപ്പം ചേഞ്ചിംഗ് റൂം പങ്കിടാന്‍ എട്ട് വനിതാ നഴ്‌സുമാരെ നിര്‍ബന്ധിച്ചത് നാണംകെടുത്തുന്ന, ഒറ്റപ്പെടുത്തുന്ന അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നഴ്‌സുമാരെ പീഡിപ്പിക്കുകയും, ഇവരോട് വിവേചനപൂര്‍ണ്ണമായി പെരുമാറുകയും ചെയ്‌തെന്നാണ് ജഡ്ജ് സീമസ് സ്വീനി സ്ഥിരീകരിച്ചത്. ഡാര്‍ലിംഗ്ടണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരാണ് നഴ്‌സുമാര്‍.
അതേസമയം പുരുഷനായി ജനിച്ച് സ്ത്രീയായി തിരിച്ചറിയുന്ന സഹജീവനക്കാരി ഇവരെ നേരിട്ട് പീഡിപ്പിക്കുകയോ, ഇരയാക്കുകയോ ചെയ്തില്ലെന്നും ജഡ്ജ് കണ്ടെത്തി. ഇപ്പോള്‍ തങ്ങളുടെ സഹജീവനക്കാരുടെ ആശങ്കകള്‍ പൂര്‍ണ്ണമായി പരിഗണിച്ചില്ലെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കുറ്റസമ്മതം. ഇതില്‍ ഖേദമുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വിധിയുടെ പശ്ചാത്തലത്തില്‍ നയങ്ങള്‍ റിവ്യൂ ചെയ്യുകയും, ആവശ്യമായ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് പറയുന്നു. എന്നാല്‍ നിയമപരമായ നടപടികള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രമാണ് ഖേദപ്രകടനം സ്വീകരിക്കാന്‍ സാധിക്കൂവെന്ന് ട്രിബ്യൂണല്‍ കേസ് നയിച്ച നഴ്‌സ് ബെതാനി ഹച്ചിസണ്‍ പ്രതികരിച്ചു. നയങ്ങള്‍ മാറിയിട്ടില്ല, അതിനാല്‍ വനിതാ ജീവനക്കാര്‍ ഇപ്പോഴും പുരുഷന് മുന്നില്‍ വസ്ത്രം മാറേണ്ടി വന്നേക്കാം. പറഞ്ഞ വാക്ക് നടപടിയായി കാണിക്കാനാണ് ട്രസ്റ്റിനോട് ആവശ്യപ്പെടുന്നത്, ഇവര്‍ വ്യക്തമാക്കി.