
















വീക്കെന്‍ഡില്‍ ഒരു കൊടുങ്കാറ്റ് വന്നിറങ്ങി പോയിട്ടേയുള്ളൂ. ആശ്വസിച്ച് ഇരിക്കാന്‍ സമയം നല്‍കാതെ അടുത്ത കൊടുങ്കാറ്റ് ദാ വന്നുകഴിഞ്ഞു. കൂടുതല്‍ ശക്തമായ മഴയും, മഞ്ഞും, കാറ്റുമാണ് ബ്രിട്ടന് ഇന്നുമുതല്‍ നേരിടേണ്ടി വരിക. ചന്ദ്ര കൊടുങ്കാറ്റിന്റെ വരവോടെയാണ് ഏകദേശം 120 മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. 
3.1 ഇഞ്ച് മഴയ്ക്കുള്ള മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളും, 8 ഇഞ്ച് മഞ്ഞിനും, 80 എംപിഎച്ച് കാറ്റിനുമുള്ള മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൊടുങ്കാറ്റ് വീശിത്തുടങ്ങി. യുകെയിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് വരികയാണ്. 
പെന്നൈന്‍സ്, സ്‌കോട്ടിഷ് മലനിരകള്‍ പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് മഞ്ഞ് പ്രതീക്ഷിക്കുന്നത്. അതേസമയം സൗത്ത് വെസ്റ്റിലും, വെയില്‍സിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച വരെയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തണുപ്പിനുള്ള ആരോഗ്യ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ പല റോഡുകളും അപകടാവസ്ഥയിലാകും. അതിനാല്‍ വെള്ളത്തിന് ആഴമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാഹനം ഇറക്കാനാണ് ആര്‍എസി മുന്നറിയിപ്പ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കിഴക്കന്‍ തീരങ്ങളില്‍ രാത്രി 9 വരെ ആംബര്‍ മുന്നറിയിപ്പും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.