
















ഗുരുതര കുറ്റകൃത്യങ്ങള്‍ അരങ്ങേറിയാല്‍ 15 മിനിറ്റിനുള്ളില്‍ പോലീസ് സംഭവസ്ഥലത്ത് എത്തിച്ചേരണമെന്ന നിബന്ധനയുമായി ഹോം സെക്രട്ടറി. ഓഫീസര്‍മാര്‍ തെരുവുകളില്‍ തിരിച്ചെത്തുന്ന തരത്തില്‍ 18 ബില്ല്യണ്‍ പൗണ്ട് ചെലവിട്ടുള്ള പരിഷ്‌കാരങ്ങളിലാണ് ഈ നിബന്ധന വരുന്നത്.
200 വര്‍ഷത്തെ പോലീസ് സര്‍വ്വീസ് സേവനങ്ങള്‍ പൊളിച്ചടുക്കിയാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ കൃത്യസമയത്ത് പ്രതികരിക്കാനുള്ള നടപടികളാണ് പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്തുക. പരിഷ്‌കാരങ്ങള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും ഗുരുതര 999 കോളുകള്‍ ലഭിച്ചാല്‍ നഗരങ്ങളില്‍ 15 മിനിറ്റിലും, പ്രാദേശിക മേഖലകളില്‍ 20 മിനിറ്റിലും ത്തെിച്ചേരണമെന്നാണ് നിബന്ധന. 999 കോളുകള്‍ പത്ത് സെക്കന്‍ഡിലും മറുപടി നല്‍കണം.
നിലവില്‍ കൃത്യമായ ഡാറ്റ ലഭ്യമാക്കേണ്ട എന്നതിനാല്‍ ചില സേനകള്‍ സ്വന്തം സമയവും, കാലവും അനുസരിച്ച് യാതൊരു പ്രത്യാഘാതവും ഇല്ലാതെ സേവനം നല്‍കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ പുതിയ സിസ്റ്റത്തില്‍ പെര്‍ഫോമന്‍സ് മോശമായാല്‍ ഹോം സെക്രട്ടറി ഇടപെടുകയും, വിദഗ്ധരെ നിയോഗിച്ച് സേവനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കുകയും ചെയ്യും.
'ദൈനംദിന കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇതിനൊരു പ്രത്യാഘാതമില്ലെന്ന അവസ്ഥയാണ്. ആളുകള്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം മണിക്കൂറുകളും, ദിവസങ്ങളും കാത്തിരിക്കേണ്ടി വരുന്നു. പോലീസ് എത്തുമ്പോഴേക്കും കുറ്റവാളികളും, സാക്ഷികളുമൊക്കെ പോയിരിക്കും. ഈ സാഹചര്യത്തില്‍ നെയ്ബറ്ഹുഡ് പോലീസിംഗ് തിരികെ എത്തിച്ച്, പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ച് ക്രിമിനലുകളെ പിടികൂടി, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം', ഹോം സെക്രട്ടറി വ്യക്തമാക്കി.