
















രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ പിന്നിലേക്ക്. നോര്‍വെ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്‌പെയിന്‍, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്നിലാണ് എന്‍എച്ച്എസിന്റെ സ്ഥാനമെന്ന് സുപ്രധാന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ചികിത്സ ലഭിക്കാവുന്ന സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലാണ് 38-ല്‍ യുകെയ്ക്ക് 21-ാം സ്ഥാനം ലഭിച്ചത്. ഇംപീരിയല്‍ കോളേജ് ലണ്ടന്റെ രണ്ടാമത് ഗ്ലോബല്‍ സ്‌റ്റേറ്റ് ഓഫ് പേഷ്യന്റ് സേഫ്റ്റി റിപ്പോര്‍ട്ടിലാണ് യുകെയുടെ സ്ഥാനം മോശമായത്.
നോര്‍വെയാണ് പട്ടികയില്‍ ഒന്നാമത്. റിപബ്ലിക് ഓഫ് കൊറിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, അയര്‍ലണ്ട് എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. യുകെയ്ക്കും പിന്നിലായി 29-ാം സ്ഥാനത്താണ് ഫ്രാന്‍സ്. യുഎസ് 34-ാം സ്ഥാനത്തുമുണ്ടെന്നതാണ് ആശ്വാസം.
സെപ്‌സിസ്, ബ്ലഡ് ക്ലോട്ട് പോലെ ചികിത്സിച്ചാല്‍ മരണം ഒഴിവാക്കാന്‍ കഴിയുന്ന കേസുകളും, പ്രസവത്തിനിടെയുള്ള മരണങ്ങളും, കുഞ്ഞുങ്ങളുടെ മരണവും ഉള്‍പ്പെടെയാണ് ഗവേഷകര്‍ പരിശോധിക്കുന്നത്. വേഗത്തില്‍, സുരക്ഷിതമായ ചികിത്സ നല്‍കിയാല്‍ ആയിരക്കണക്കിന് മരണങ്ങള്‍ യുകെയില്‍ ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
സങ്കീര്‍ണ്ണമായ ചികിത്സകള്‍ക്ക് വേണ്ടിവരുന്ന സുദീര്‍ഘമായ കാത്തിരിപ്പാണ് യുകെ നേരിടുന്ന മറ്റൊരു പ്രതിസന്ധി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ശരാശരിയേക്കാള്‍ ഉയര്‍ന്ന കാലതാമസമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2025 സെപ്റ്റംബര്‍ അവസാനം വരെ പതിവ് ഹൃദയ ചികിത്സകള്‍ക്കായി 397,478 പേര്‍ക്ക് കാത്തിരിക്കേണ്ടി വന്നുവെന്നാണ് കണക്ക്.