
















ജെഫ്രി എപ്സ്റ്റീനെ പോലൊരു ക്രൂരനായ പീഡകനൊപ്പം സ്വന്തം കുടുംബത്തിലെ രക്തബന്ധത്തില്‍ പെട്ടൊരാള്‍ നടത്തിയ ക്രൂരതകള്‍ പുറത്തുവന്നിട്ടും അതേക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ഇതുവരെ രാജാവ് തയ്യാറായിട്ടില്ല. മുന്‍പ് സമാനമായ സംഭവങ്ങള്‍ പുറത്തുവന്നപ്പോള്‍ പണം കൊടുത്ത് ഒതുക്കുകയും, വൃഥാ അധരവ്യായാമം നടത്തുകയും ചെയ്തതിന്റെ ഒരംശം പോലും ഇപ്പോള്‍ കാണാനില്ല. ഇരകള്‍ക്കൊപ്പമെന്ന പതിവ് വാക്ക് പോലും പങ്കുവെയ്ക്കാന്‍ കൊട്ടാരം തയ്യാറായിട്ടില്ല.
എന്നാല്‍ ഇക്കുറി ഇത്തരം വെറുംവാക്കുകള്‍ വേണ്ടെന്നാണ് ഇരകള്‍ ആവശ്യപ്പെടുന്നത്. അതും എപ്സ്റ്റീന്‍ ആന്‍ഡ്രൂവിനൊപ്പം ചേര്‍ന്ന് കൊട്ടാര വസതികള്‍ പോലും തന്റെ ക്രൂരതകള്‍ക്ക് താവളമാക്കി മാറ്റിയെന്ന വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ ഔദ്യോഗികമായ മാപ്പ് പറച്ചില്‍ തന്നെ വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മുന്‍കാല രാജകുമാരനായിരുന്ന ആന്‍ഡ്രൂവിന് ലൈംഗിക ലീളകളില്‍ ഏര്‍പ്പെടാനായി എപ്സ്റ്റീന്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയെന്നാണ് വ്യക്തമായിട്ടുള്ളത്. 
രാജകുടുംബത്തിന് സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്വം രാജാവ് ഏറ്റെടുക്കണമെന്ന് എപ്സ്റ്റീന്റെ ഇരകള്‍ പറയുന്നു. മുന്‍പ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തിയ അന്തരിച്ച വിര്‍ജിനിയ ജിഫ്രെയുടെ കുടുംബത്തോടും മാപ്പ് പറയണമെന്ന് ഇവര്‍ പറഞ്ഞു. ആന്‍ഡ്രൂവിന്റെ എപ്സ്റ്റീന്‍ ബന്ധത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കാനോ, ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കാനോ ബക്കിംഗ്ഹാം കൊട്ടാരം ഒരിക്കലും തയ്യാറായിട്ടില്ല.
വിവാദം സംബന്ധിച്ച പ്രസ്താവനകളെല്ലാം വെറും അധര വ്യായാമം പോലെയാണ് തോന്നിച്ചിട്ടുള്ളതെന്ന് വിമര്‍ശനവും നേരിടുന്നുണ്ട്. എപ്സ്റ്റീന്‍ ആന്‍ഡ്രൂവിനായി യുകെയിലേക്ക് അയച്ചതായി ആരോപിക്കുന്ന യുഎസില്‍ നിന്നുള്ള സ്ത്രീയാണ് ഇപ്പോള്‍ ചാള്‍സ് രാജാവിനോട് ഔദ്യോഗിക ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ അഭിഭാഷകനായ ഇരകളോട് മാപ്പ് പറയാന്‍ കൊട്ടാരം തയ്യാറാകണമെന്ന് വ്യക്തമാക്കിയത്.