
















ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ പടവലങ്ങ പോലെ താഴോട്ടാണ് വളരുന്നതെന്ന് അറിയാത്തവര്‍ ആരുമില്ല. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് കൊവിഡ് കാലത്തെ അതിജീവിച്ചും പിടിച്ചുനിര്‍ത്തിയ നയങ്ങള്‍ പൊളിച്ചെഴുതി 'ഇപ്പോള്‍ ശരിയാക്കിത്തരാം' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതികള്‍ പൊളിഞ്ഞ് വീഴുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നുമാത്രമല്ല ഓരോ ബജറ്റിലും നികുതി കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കുന്നതല്ലാതെ മറ്റൊരു പദ്ധതിയും ലേബറിന് അവതരിപ്പിക്കാനും കഴിയുന്നില്ല.
ഇതിന്റെയെല്ലാം പ്രത്യാഘാതം തൊഴില്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെ തൊഴില്‍ വിപണി 15 വര്‍ഷത്തിനിടെ ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ എത്തിയെന്നാണ് തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. 
സ്ഥാപനങ്ങള്‍ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ ആളുകളെ ജോലിക്കെടുക്കാനും, നിക്ഷേപം നടത്താനും സ്ഥാപനങ്ങള്‍ തയ്യാറല്ലെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. പുതുവര്‍ഷത്തിലും പുതിയ പെര്‍മനന്റ് തൊഴിലവസരങ്ങള്‍ കുറയുകയാണെന്ന് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ പറയുന്നു.
തൊഴിലില്ലായ്മ വീണ്ടും വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ ഗവണ്‍മെന്റ് രീതികള്‍ മാറ്റേണ്ടി വരുമെന്ന് റിക്രൂട്ട്‌മെന്റ് ഇന്‍ഡസ്ട്രി ബോഡി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയായ 5.1 ശതമാനത്തിലണ് തൊഴിലില്ലായ്മ. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനുള്ള ഞെട്ടിക്കുന്ന വാര്‍ത്ത കൂടിയാണ് ഈ കണക്കുകള്‍. നികുതി വര്‍ദ്ധന, മിനിമം വേജ് വര്‍ദ്ധന, പുതിയ ജോലിക്കാരുടെ അവകാശ നയങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാണ് ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് 'സഡന്‍ ബ്രേക്കിട്ട്' നിര്‍ത്തുന്നതിന് പിന്നില്‍.