
















ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ കുരുക്കിലായ മുന്‍ യുഎസ് അംബാസിഡര്‍ പീറ്റര്‍ മണ്ടേല്‍സന്റെ രണ്ട് വീടുകളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ റെയ്ഡ്. പൊതു ഓഫീസില്‍ അച്ചടക്കലംഘനം നടത്തിയതായുള്ള ആരോപണങ്ങളിലാണ് ലണ്ടനിലെ 12 മില്ല്യണ്‍ പൗണ്ടിന്റെ വീട്ടിലും, വില്‍റ്റ്ഷയറിലെ ഫാംഹൗസിലും റെയ്ഡ് നടന്നത്. ലേബര്‍ ഗവണ്‍മെന്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട എപ്സ്റ്റീന്‍ വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെയാണ് തെരച്ചില്‍.
മുന്‍ ലേബര്‍ പിയറിനെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ഇയാളെ വരും ആഴ്ചകളില്‍ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. ജെഫ്രി എപ്സ്റ്റീന്റെ ഉപദേശപ്രകാരം വാങ്ങിയ വീട്ടിലാണ് റെയ്ഡ് നടന്നതെന്നതാണ് വൈരുദ്ധ്യം. മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കാന്‍ കൈക്കൊണ്ട തീരുമാനത്തിന്റെ പേരില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ കസേരയ്ക്ക് ഇളക്കം തട്ടുന്ന സ്ഥിതിയാണുള്ളത്. 
മണ്ടേസല്‍സണുമായി ബന്ധമുള്ള 100,000 രേഖകള്‍ കൂടി പുറത്തുവരാനുണ്ടെന്നാണ് സൂചന. ഇത് വൈറ്റ്ഹാള്‍ വൃത്തങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. പ്രത്യേകിച്ച് ഗവണ്‍മെന്റ് രേഖകള്‍ പോലും ഇയാള്‍ ചോര്‍ത്തിയെന്ന ആരോപണങ്ങള്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ ആഘാതമായി മാറുകയാണ്. ഇത് തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷ പോലും ലഭിക്കാമെന്നതാണ് അവസ്ഥ.
ഇതിനിടെ അംബാസിഡറായി തന്റെ ഗുരുവിനെ തെരഞ്ഞെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്‌സ്വീനിയെ പുറത്താക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം നേരിടുകയാണ് കീര്‍ സ്റ്റാര്‍മര്‍. ഗവണ്‍മെന്റിന്റെ അവസ്ഥ പരുങ്ങലിലായതോടെ മക്‌സ്വീനിയെ ബലിയാടാക്കി തലരക്ഷിക്കാനാണ് എംപിമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഇപ്പോഴും ചീഫ് ഓഫ് സ്റ്റാഫിന് പിന്തുണ നല്‍കുന്നുണ്ട്. എട്ട് ലേബര്‍ എംപിമാര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.