
















രാജ്യത്ത് ഇന്ധന നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ ഫ്യൂവല്‍ ഡ്യൂട്ടി 5 പെന്‍സ് ഉയര്‍ത്താനുള്ള പദ്ധതികള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുകയാണ്. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന പിടിവാശിയിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിരക്കുകള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയാണ്.
ഇറാന് നേര്‍ക്ക് യുഎസും, ഇസ്രയേലും യുദ്ധം തുടങ്ങിയത് മുതല്‍ എണ്ണ വില കുതിച്ചുയരുകയാണ്. തിങ്കളാഴ്ച 100 ഡോളര്‍ കടന്ന ശേഷം എണ്ണവില 90 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇപ്പോഴും ബുദ്ധിമുട്ടേറിയ അവസ്ഥയാണ് നേരിടുന്നത്.
കഴിഞ്ഞ ആഴ്ച മുതല്‍ അണ്‍ലീഡഡ് പെട്രോളിന് 3.5 പെന്‍സ് വര്‍ദ്ധിച്ചപ്പോള്‍, ഡീസലിന് 6.9 പെന്‍സും നിരക്കുയര്‍ന്നു. 2022-ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇത്. നിലവില്‍ പമ്പുകളിലെ വില അനിശ്ചിതാവസ്ഥയിലാണെന്ന് ചാന്‍സലര്‍ സമ്മതിക്കുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ഫ്യൂവല്‍ ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കം റദ്ദാക്കാനുള്ള ആവശ്യങ്ങളെ ഇവര്‍ പ്രതിരോധിക്കുകയാണ്.
2011 മുതല്‍ ഫ്രീസ് ചെയ്തിരുന്ന ഫ്യൂവല്‍ ഡ്യൂട്ടി റഷ്യയുടെ ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 5 പെന്‍സ് കുറച്ചാണ് അന്നത്തെ ടോറി ഗവണ്‍മെന്റ് പ്രതികരിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റീവ്‌സ് ഈ ഇളവുകള്‍ പിന്‍വലിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലും, 2027 മാര്‍ച്ചിലുമായി 5 പെന്‍സ് ഇളവ് പൂര്‍ണ്ണമായി ഇല്ലാതാകും.
എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ധനം നല്‍കണമെന്ന് നിഗല്‍ ഫരാഗ് ആവശ്യപ്പെട്ടു. റിഫോം യുകെയുടെ വാഗ്ദാനം പാലിക്കുമെന്നും ഫരാഗ് വ്യക്തമാക്കി. 25 പെന്‍സ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ന്യൂഹാവനിലെ ഫോര്‍കോര്‍ട്ടില്‍ നിരക്ക് മാറ്റത്തിന്റെ ബോര്‍ഡും സ്ഥാപിച്ചു.