
















യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിനെ സംഭവ സ്ഥലത്തു കൊണ്ടുപോയി തെളിവെടുത്തു. ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ പരിസരത്തും എറണാകളും പോലീസ് ആംഡ് റിസര്‍വ് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള കാരവനിലുമെത്തിച്ച് ഞായറാഴ്ച തെളിവെടുത്തത്.
തിങ്കളാഴ്ച വൈകീട്ട് നാലു വരെയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തെളിവെടുപ്പ് പൂര്‍ത്തിയായ ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് ചോദ്യം ചെയ്യലില്‍ തനിക്കെതിരേയുള്ള ലൈംഗികാതിക്രമ ആരോപണം രഞ്ജിത്ത് നിഷേധിച്ചു.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എറണാകുളം വനിതാ സ്റ്റേഷനില്‍നിന്ന് രഞ്ജിത്തിനെ ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ പരിസരത്തേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയത്. ജനുവരി 30-ന് ഈ ലൊക്കേഷനില്‍ രഞ്ജിത്ത് യുവനടിയോട് മോശമായി പെരുമാറി എന്നാണ് പരാതി. 11.15-ഓടെയാണ് എറണാകുളം ആംഡ് റിസര്‍വ് ക്യാമ്പിലേക്ക് എത്തിച്ചത്. ആസ്പിന്‍വാള്‍ ലൊക്കേഷനിലുണ്ടായിരുന്ന കാരവനിലുള്ളിലാണ് സംഭവം നടന്നതെന്നാണ് യുവനടിയുടെ മൊഴിയിലുള്ളത്.