
















ബ്രിട്ടന് ചുറ്റും ഉരുക്കുകോട്ട കെട്ടി, കുടിയേറ്റക്കാരെ ഒരടി അകലെ നിര്‍ത്താനുള്ള ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികളില്‍ ചില മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ ആശങ്കയുണ്ട്. സമാന ആശങ്ക പങ്കുവെച്ച ബാക്ക്‌ബെഞ്ച് എംപിമാരുമായി വിഷയത്തില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തന്നെ നിര്‍ദ്ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് ഉപദേശിച്ചിരുന്നു. യുകെയില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് നേടുന്നത് ബുദ്ധിമുട്ടാക്കി മാറ്റുന്നതാണ് ഹോം സെക്രട്ടറി പരിഗണിക്കുന്ന പരിഷ്‌കാരങ്ങള്‍.
പുതിയ പദ്ധതികള്‍ പ്രകാരം കുടിയേറ്റക്കാര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ നേടാന്‍ 10 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിയാണ്. നിലവില്‍ ഇത് അഞ്ച് വര്‍ഷമാണ്. എന്നാല്‍ പബ്ലിക് സെക്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സെറ്റില്‍മെന്റ് ലഭിക്കുന്നതിന് അരികില്‍ നില്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യമാണ് സ്റ്റാര്‍മര്‍ പരിഗണിക്കുന്നത്.
എന്നാല്‍ ബാക്ക്‌ബെഞ്ച് രോഷം ശമിപ്പിക്കാന്‍ കൂടുതല്‍ നടപടി വേണമെന്നാണ് ആവശ്യം. നിലവില്‍ രാജ്യത്ത് എത്തിയവര്‍ക്ക് ഇളവ് നല്‍കാനാണ് എതിര്‍പക്ഷത്തിന്റെ നിര്‍ദ്ദേശം. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ ഈ ആവശ്യം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
അതേസമയം റിഫോം യുകെ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ കനത്ത നടപടി വേണമെന്ന നിലയിലാണ് ഹോം സെക്രട്ടറി നീങ്ങുന്നത്. ഇതിനിടെ ഗ്രീന്‍ പാര്‍ട്ടി ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയതും ഗവണ്‍മെന്റിന് ആശങ്കയാണ്.