
















മിഡില്‍ ഈസ്റ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ വിലയുദ്ധം രൂക്ഷമാകും. ചെലവുകള്‍ കുതിച്ചുയരുന്നത് പരിഗണിച്ച് വരും മാസങ്ങളില്‍ വില ഉയര്‍ത്താന്‍ യുകെ കമ്പനികള്‍ നിര്‍ബന്ധിതമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സര്‍വ്വെ വ്യക്തമാക്കുന്നു.
ഇറാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആരംഭിച്ച സര്‍വ്വെയില്‍ 2000-ലേറെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരാണ് ഉള്‍പ്പെട്ടത്. വരും വര്‍ഷത്തില്‍ വിലകള്‍ 3.7% ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് സര്‍വ്വെയില്‍ വ്യക്തമായി.
ഫെബ്രുവരിയില്‍ 3.4% വിലക്കയറ്റം പ്രതീക്ഷിച്ച ഇടത്താണ് ഈ വര്‍ദ്ധന. ഹോര്‍മുസ് കടലിടുക്ക് അടച്ചത് മൂലം എണ്ണ, ഗ്യാസ് വില വര്‍ദ്ധന വിലക്കയറ്റത്തിന് ഇടയാക്കുകയാണ്. ഇത് വിവിധ മേഖലകള്‍ക്ക് കനത്ത ആഘാതം സമ്മാനിക്കുന്നുണ്ട്. ഈ ഭാരമാണ് ജനങ്ങളുടെ തലയിലേക്ക് വീഴുന്നത്.
അടുത്ത വിന്ററിന് മുന്‍പ് വീടുകളിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍. വര്‍ഷത്തിന്റെ അവസാനത്തോടെ രണ്ട് പലിശ നിരക്ക് വര്‍ദ്ധനവുകളാണ് സാമ്പത്തിക വിപണികള്‍ ഇപ്പോള്‍ പ്രവചിക്കുന്നത്.
അസ്ഥിരമായ ലോകസ്ഥിതി മൂലം ആളുകള്‍ പണം ചെലവാക്കാതെ വെയ്ക്കുന്നത് ഹൈസ്ട്രീറ്റില്‍ വില്‍പ്പന ഇടിക്കുകയും ചെയ്യുന്നു. ഷോപ്പിംഗ് നടത്തി പണം ചെലവാക്കാന്‍ ആളുകള്‍ മടിക്കുകയാണെന്ന് അക്കൗണ്ടിംഗ് ഫേ ബിഡിഒ വെളിപ്പെടുത്തി.