
















ടോറി പാര്‍ട്ടിയുടെ പേടിസ്വപ്‌നമായിരുന്നു ലിസ് ട്രസ്. അവര്‍ അത്ര ശക്തയായ നേതാവായത് കൊണ്ടല്ല, മറിച്ച് പാര്‍ട്ടിയുടെ അടിത്തറ വരെ തകര്‍ത്ത നേതൃത്വമായി മാറിയത് കൊണ്ടാണ് ട്രസ് കുപ്രശസ്തി നേടിയത്. ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലിരിക്കാന്‍ പോലും ഒരു കാരണമായത് ട്രസിന്റെ ഭരണകാല 'നേട്ടങ്ങള്‍' തന്നെ.
ഇതുപോലൊരു അവസ്ഥ ലേബര്‍ പാര്‍ട്ടിയും നേരിടുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ വിഭാഗം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മണ്ടേല്‍സണ്‍ വിവാദത്തിന്റെ ചുവടുപിടിച്ച് സ്റ്റാര്‍മറെ തെറിപ്പിക്കാനും അതുവഴി അധികാരത്തിലേക്ക് എത്താനും ശ്രമിക്കുകയാണ് മറ്റ് പ്രധാനമന്ത്രി മോഹികള്‍. എന്നാല്‍ ലേബറിന്റെ 'ലിസ് ട്രസിനെയാണ്' പാര്‍ട്ടിക്ക് പകരം ലഭിക്കുകയെന്നാണ് സ്റ്റാര്‍മര്‍ അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അടുത്ത ആഴ്ചയിലെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന് അടിപതറിയാല്‍ സ്റ്റാര്‍മറെ ഒഴിവാക്കാനാണ് നീക്കം. എന്നാല്‍ പകരം കിട്ടുക എഡ് മിലിബന്ദോ, ആഞ്ചെല റെയ്‌നറോ പോലുള്ള ഇടത് വിഭാഗം നേതാക്കളായിരിക്കുമെന്നാണ് ലേബര്‍ എംപിമാരെ ഓര്‍മ്മിപ്പിക്കുന്നത്. ഇടത് വിഭാഗത്തിലേക്ക് ഗവണ്‍മെന്റ് ചാഞ്ഞാല്‍ അത് വിപണിയുടെ ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്ന തരത്തിലേക്ക് മാറുമെന്ന് സഹായികള്‍ പറഞ്ഞ് പരത്തുന്നു.
ഈ സാഹചര്യത്തില്‍ മാഞ്ചസ്റ്റര്‍ മേയര്‍ പദവി വിട്ട് വെസ്റ്റ്മിന്‍സ്റ്ററിലേക്ക് എത്താനായി ഒരുങ്ങുകയാണ് ആന്‍ഡി ബേണ്‍ഹാം. ആഴ്ചകള്‍ക്കുള്ളില്‍ ഇത് നടപ്പാക്കുമെന്നാണ് സൂചനകള്‍. ഫെബ്രുവരിയില്‍ ഗോര്‍ടണ്‍ & ഡെന്റണ്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബേണ്‍ഹാമിന് ലേബറിന്റെ ഭരണസംഘം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ബേണ്‍ഹാമിന്റെ വരവിനായി വഴിമാറി കൊടുക്കാന്‍ ഇപ്പോള്‍ മറ്റ് പല എംപിമാരും തയ്യാറാണ്. ഇവിടെ മത്സരിച്ച് നേതൃത്വ പോരാട്ടത്തിന് ഇറങ്ങാനാണ് ബേണ്‍ഹാമിന്റെ ശ്രമം.