
















ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. ജൂതരാണെന്ന കാരണത്താലാണ് ബസ് സ്റ്റോപ്പില്‍ നിന്ന രണ്ട് പേര്‍ക്ക് നേരെ അക്രമം നടന്നത്.
ഷലോമി റാന്‍ഡ് (34), മോഷെ ഷൈന്‍ (76) എന്നിവര്‍ക്കാണ് കുത്തേറ്റത്. 45-കാരനായ സൊമാലിയന്‍ വംശജനാണ് അക്രമം അഴിച്ചുവിട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി. തീവ്രവാദി അക്രമം എന്ന നിലയിലാണ് പോലീസ് അന്വേഷണം.
കത്തിക്കുത്ത് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അക്രമി മറ്റൊരു അക്രമവും നടത്തിയതായി പോലീസ് കരുതുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ നടന്ന ഈ സംഭവത്തില്‍ ഒരാള്‍ക്ക് ചെറിയ പരുക്കേറ്റിട്ടുണ്ട്. ഈ വ്യക്തി തന്നെയാണ് ഗോള്‍ഡേഴ്‌സ് ഗ്രീനിലും കത്തിക്കുത്ത് നടത്തിയതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. 
45-കാരനായ പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മോഷെ ഷൈന്‍ വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അക്രമം ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്. ഇദ്ദേഹത്തിന് ഏറ്റ പരുക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം ജൂതവിരുദ്ധതയുടെ പുതിയ ഉദാഹരണമാണെന്ന് ജൂതസമൂഹം പ്രതികരിച്ചു.
അതേസമയം വിഷയം ദേശീയ അടിയന്തരാവസ്ഥയായി മാറുകയാണെന്ന് ജൂതസമൂഹത്തിന് നേരെ പുതിയ ഭീകരാക്രമണം കൂടി നടന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്നും അവര്‍ വിമര്‍ശിച്ചു. അര്‍ത്ഥവത്തായ നടപടികളാണ് ബ്രിട്ടന്‍ ചെയ്യേണ്ടതെന്ന് ചീഫ് റബ്ബി എപ്ഹ്രായിം മിര്‍വിസ് പറഞ്ഞു.