CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 21 Seconds Ago
Breaking Now

സോഷ്യലിസം മറന്നോ? ആഡംബര സ്യൂട്ടില്‍ 'ഫ്രീ' ടിക്കറ്റില്‍ ബ്രസീല്‍-മൊറോക്കോ ലോകകപ്പ് മത്സരം വീക്ഷിച്ച് ന്യൂയോര്‍ക്ക് മേയര്‍; പാവപ്പെട്ടവര്‍ക്ക് ടിക്കറ്റെടുത്ത് കൊടുക്കാന്‍ മറന്നതിനെ വിമര്‍ശിച്ച് എതിരാളികള്‍

ലോകകപ്പ് വേദിയാകുന്ന ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറെന്ന നിലയില്‍ ഔദ്യോഗിക പദവി നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് മംമ്ദാനി കളികാണാന്‍ എത്തിയതെന്ന് വക്താവ്

പണ്ട് പരിപ്പുവടയും, കട്ടന്‍ ചായയും കുടിച്ചെന്ന് പറഞ്ഞ്, ഇപ്പോഴും അങ്ങനെ വേണമെന്നാണോ? നമ്മുടെ നാട്ടിലെ പല നേതാക്കളും ഈ ചോദ്യം ചോദിക്കാറുണ്ട്. അതേ ചോദ്യമാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലെ സോഷ്യലിസ്റ്റ് മേയര്‍ സൊഹ്‌റാന്‍ മംമ്ദാനിക്കും ചോദിക്കേണ്ടി വരുന്നത്. ഫുട്‌ബോള്‍ ലോകകപ്പിലെ ബ്രസീല്‍, മൊറോക്കോ മത്സരം ആഡംബര സ്യൂട്ടിലിരുന്ന് സൗജന്യമായി കണ്ടതോടെയാണ് സോഷ്യലിസ്റ്റ് മേയര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത്. 

മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ ലക്ഷ്വറി സ്യൂട്ടില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുലിനൊപ്പം മംമ്ദാനിയെ കണ്ടതോടെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയാണ്. സൗജന്യ ടിക്കറ്റിലാണ് മംമ്ദാനി മത്സരം കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള ടിക്കറ്റുകള്‍ കിട്ടാന്‍ ആരാധകര്‍ വരിനില്‍ക്കുമ്പോഴാണ് മേയര്‍ സൗജന്യമായി ഇത് നേടിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പുറമെ ടൂര്‍ണമെന്റിലെ മറ്റ് പല പ്രധാന മത്സരങ്ങളുടെയും ടിക്കറ്റ് മേയര്‍ നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം മേയര്‍ക്കൊപ്പം മത്സരം കണ്ട ഭാര്യ രമാ ദുവാജി ടിക്കറ്റെടുത്തിരുന്നു. സോഷ്യലിസ്റ്റ് ഡെമോക്രാറ്റായ മംമ്ദാനി ഫ്രീ പാസ് നേടിയതിനെതിരെയാണ് ജനരോഷം ഉയരുന്നത്. 

സോഷ്യലിസം പറയുന്ന മേയര്‍ പാവപ്പെട്ടവര്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കുകയാണ് വേണ്ടിയിരുന്നതെന്നാണ് വിമര്‍ശകരുടെ നിലപാട്. എന്നാല്‍ ലോകകപ്പ് വേദിയാകുന്ന ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറെന്ന നിലയില്‍ ഔദ്യോഗിക പദവി നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് മംമ്ദാനി സ്റ്റേഡിയത്തില്‍ കളികാണാന്‍ എത്തിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. 

ന്യൂയോര്‍ക്ക്/ ന്യൂ ജഴ്‌സി 2026 ലോകകപ്പ് ആതിഥേയ കമ്മിറ്റിയുമായുള്ള കരാറിന്റെ ഭാഗമായാണ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നതെന്നും വക്താവ് വിശദീകരിച്ചു. 1600 ഡോളര്‍ വരെയാണ് റീസെയില്‍ സൈറ്റുകളില്‍ ബ്രസീല്‍, മൊറോക്കോ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റുകള്‍ വിറ്റിരുന്നത്. കഴിഞ്ഞ ആഴ്ച 1000 ഡോളര്‍ കൊടുത്ത് എന്‍ബിഎ ഫൈനല്‍ കാണാനെത്തിയതും വിവാദത്തിലായിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.