
















വെസ്റ്റ് ലണ്ടനില്‍ ഇന്ത്യന്‍ വംശജനായ 26-കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ മെട്രോപൊളിറ്റന്‍ പോലീസ് കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് സാക്ഷികളായ ആളുകളില്‍ നിന്നും വിവരം തേടിയ പോലീസ്, സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയാണ്.
26-കാരന്‍ ഗുര്‍ഭേജ് സിംഗിനാണ് ജീവന്‍ നഷ്ടമായത്. സൗത്താളിലെ ഡോര്‍മേഴ്‌സ് വെല്‍സ് ലെയിനില്‍ നോര്‍ത്ത് റോഡില്‍ വെച്ചാണ് ഇദ്ദേഹത്തിന് ഗുരുതരമായി കുത്തേറ്റത്. 30-കളില്‍ പ്രായമുള്ള മറ്റൊരാള്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് സ്ഥലത്തെത്തിയത്. പോലീസും, പാരാമെഡിക്കുകളും സ്ഥലത്ത് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം 20-കളിലും, 30-കളിലും പ്രായമുള്ള ഏഴ് പുരുഷന്‍മാരെയാണ് കൊലപാതകം നടത്തിയെന്ന സംശയത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ആറ് പേരെ പിന്നീട് വിട്ടയച്ചു. ഏഴാമത്തെ ആളെ ജാമ്യത്തിലാണ് വിട്ടത്.
കൊലപാതകത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. യുകെയില്‍ കുടിയേറ്റക്കാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് കൊലപാതകം. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ സുഡാനി പൗരന്‍ ഒരാളുടെ തലയറുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.