
















ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറി രണ്ട് വര്‍ഷം തികുമ്പോള്‍ ബ്രിട്ടനില്‍ ജനങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമായെന്ന് ടോറികള്‍. ശരാശരി കുടുംബങ്ങള്‍ക്ക് 3000 പൗണ്ട് നഷ്ടം വരുന്ന നിലയിലാണ് കാര്യങ്ങളെന്ന് കണക്കുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം ആരോപിക്കുന്നു.
താന്‍ ഭരിച്ച രണ്ട് വര്‍ഷം യുകെ കൂടുതല്‍ മികച്ച ഇടമായി മാറിയെന്നാണ് പുറത്തുപോകുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്. ലേബര്‍ എംപിമാര്‍ ചേര്‍ന്ന് വിമതനീക്കം നടത്തിയതോടെയാണ് സ്റ്റാര്‍മര്‍ക്ക് പുറത്ത് പോകേണ്ടി വരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ ചെലവുകള്‍ ഉയര്‍ന്ന കഥയാണ് മുന്നോട്ട് വെയ്ക്കുന്നത്.
വാടക നിരക്കുകള്‍ ഒരു വര്‍ഷത്തിനിടെ 1584 പൗണ്ട് വര്‍ദ്ധിച്ചപ്പോള്‍, എനര്‍ജി ബില്ലുകള്‍ 294 പൗണ്ടാണ് ഉയര്‍ന്നതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറയുന്നു. ഗ്രോസറി ചെലവുകള്‍ 166.40 പൗണ്ടും, പെട്രോളിന് 144.80 പൗണ്ടും, കൗണ്‍സില്‍ ടാക്‌സ് 228.60 പൗണ്ടും വീതം ഉയര്‍ന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിച്ച ലേബര്‍ നടപടി ജോലി ചെയ്യുന്ന കുടുംബങ്ങളുടെ പോക്കറ്റില്‍ നിന്നും 534.50 പൗണ്ട് ചോര്‍ത്തുന്നതായും അവര്‍ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്ത കീര്‍ സ്റ്റാര്‍മര്‍ കുടുംബങ്ങളെ 2952.30 പൗണ്ട് നഷ്ടത്തിലേക്ക് നയിക്കുകയാണ് ചെയ്തതെന്ന് ടോറികള്‍ പറയുന്നു.
പ്രധാനമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെടാന്‍ ഒരുങ്ങുന്ന ആന്‍ഡി ബേണ്‍ഹാം സ്ഥിതി കൂടുതല്‍ വഷളാക്കാനാണ് സഹായിക്കുകയെന്നും അവര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.