
















കാര്‍ഡിഫ് : ഗ്രേറ്റ് ബ്രിട്ടന്‍ സ്പാര്‍ക്കിയുടെ ഭാഗമായ കാര്‍ഡിഫ് -ബ്രിസ്റ്റോള്‍ റീജിയണില്‍ പെടുന്ന കാര്‍ഡിഫ് മിഷന്‍ ജൂലൈ 19ന് ഇടവകയായി പ്രഖ്യാപിക്കും. സെന്റ് തോമസ് മിഷന്‍ ഇനി മുതല്‍ കാര്‍ഡിഫ് സെന്റ് തോമസ് ചര്‍ച്ച് എന്നറിയപ്പെടും. പുതിയ ഇടവകയുടെ തിരുന്നാള്‍ ജൂലൈ 17, 18 19 എന്നീ ദിവസങ്ങളില്‍ ആഘോഷമായി ആചരിക്കുകയാണ്. എപ്പാര്‍ക്കിയുടെ ആറാമത്തെ ഇടവകയാണ് ഈ പുതിയ കാര്‍ഡിഫ് ഇടവക. കാര്‍ഡിഫ് മിഷന്റെ ഇപ്പോഴത്തെ മിഷന്‍ ഡയറക്റ്ററായ ബഹുമാനപ്പെട്ട പ്രജില്‍ പണ്ടാരപ്പറമ്പില്‍ അച്ഛന്റെ പ്രയത്‌നഫലമായാണ് ഇടവക എന്ന സ്വപ്നം ഒരു യാഥാര്‍ഥ്യമായത്. സിബിച്ചന്‍ ജോസഫ്, സില്‍വി സജി എന്നിവരാണ് ഇപ്പോഴത്തെ മിഷന്‍ ട്രസ്റ്റിമാരായി പ്രവര്‍ത്തിക്കുന്നത്.

വിശ്വാസവും ഐക്യവും ദൈവപരിപാലനവും നിറഞ്ഞ ഒരു ആത്മീയ യാത്രയാണ് കാര്‍ഡിഫ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രം. ഏതാനും മലയാളി കത്തോലിക്കാ കുടുംബങ്ങളുടെ പ്രാര്‍ത്ഥനാസംഗമമായി ആരംഭിച്ച ഈ സമൂഹം ഇന്ന് വെയില്‍സിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഭവനമായി വളര്‍ന്നിരിക്കുകയാണ്.

2002-ഓടെ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിന്ന് നിരവധി മലയാളി കുടുംബങ്ങള്‍ കാര്‍ഡിഫിലേക്കും ന്യൂപോര്‍ട്ടിലേക്കും സ്വാന്‍സിയിലേക്കും സൗത്ത് വെയില്‍സിലെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറിത്തുടങ്ങി.

2001ല്‍ കേരളത്തില്‍ നിന്നും യൂകെയിലേക്കുള്ള കുടിയേറ്റത്തില്‍ കാര്‍ഡിഫിലേക്കും സീറോ മലബാര്‍ വിശ്വാസികളായ നഴ്‌സുമാരും കുടുംബങ്ങളും ചേക്കേറി. അന്ന് കാര്‍ഡിഫില്‍ സീറോ മലബാര്‍ വൈദികരുടെ സ്ഥിരസാന്നിധ്യം ഉണ്ടായിരുന്നില്ല. അതിനാല്‍ കുടുംബങ്ങള്‍ സമീപ ലത്തീന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നെങ്കിലും, സ്വന്തം പാരമ്പര്യ ആരാധനക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു.

ഈ കാലഘട്ടത്തില്‍ വിശ്വാസികള്‍ വീടുകളില്‍ ഒന്നിച്ചുകൂടി ജപമാല, വചനവിചിന്തനം, ഭക്തിഗാനങ്ങള്‍, കുടുംബപ്രാര്‍ത്ഥന എന്നിവയിലൂടെ ആത്മീയജീവിതം പരിപോഷിപ്പിച്ചു.

2002-ടെ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം അച്ചന്റെ സഹായത്തോടെ സീറോ മലബാര്‍ കുര്‍ബാന കാര്‍ഡിഫില്‍ തുടങ്ങുവാനും പിന്നീട് കാര്‍ഡിഫ് ലാറ്റിന്‍ രൂപതയ്ക്ക് വേണ്ടി നാട്ടില്‍ നിന്നും വന്ന പല സീറോ മലബാര്‍ അച്ചന്മാരും മാറി മാറി കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കുന്നതില്‍ ശ്രദ്ധ കാണിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പില്‍ സിഎംഐ , ഫാ. ടോം പട്ടശ്ശേരില്‍ IC, ഫാ. ടോമി അഗസ്റ്റിന്‍ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോര്‍ജ് പുത്തൂരാന്‍ IC തുടങ്ങിയ അച്ചന്മാര്‍ യുകെയില്‍ ഒരു എപ്പാര്‍ക്കി രൂപീകൃതമാകുന്നത് വരെ സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം അര്‍പ്പിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പില്‍ പിന്നീട് സീറോ മലബാര്‍ കുര്‍ബാന കാര്‍ഡിഫിലെ സെന്റ് ജോസഫ് പള്ളിയില്‍ വച്ച് മാസത്തിന്റെ ഒന്നാം ഞായറാഴ്ചകളില്‍ അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വാര്‍ഷിക ധ്യാനവും, വലിയ വാര ശുശ്രുഷകളും ഒക്ടോബര്‍ മാസത്തില്‍ മാതാവിന്റെ വണക്കമാസവും തുടങ്ങി. മാസാദ്യ വെള്ളിയാഴ്ചകളില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ കാത്തോലിക് ചാപ്ലൈന്‍സിയില്‍ വച്ച് നൈറ്റ് വിജിലും തുടങ്ങിയിരുന്നു. ക്രമേണ മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാന, കുടുംബസംഗമങ്ങള്‍, കുട്ടികള്‍ക്കുള്ള മതബോധന ക്ലാസുകള്‍, ക്രിസ്തുമസ്- ഈസ്റ്റര്‍ ആഘോഷങ്ങള്‍, ദൈവമാതാവിനോടുള്ള പ്രത്യേക ഭക്താനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ആരംഭിച്ചു. കാര്‍ഡിഫ് അതിരൂപത ഈ സമൂഹത്തിന് ദേവാലയ സൗകര്യങ്ങള്‍ നല്‍കിയും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയും വലിയ സഹകരണം നല്‍കി.

2009 ല്‍ നിയമിതനായ ടോം പട്ടശ്ശേരില്‍ അച്ചന്‍ കാര്‍ഡിഫിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ താത്പര്യം കാണിച്ചു. 2011ല്‍ ടോം പട്ടശ്ശേരില്‍ അച്ചന്റെയും ടോമി അഗസ്റ്റിന്‍ അച്ചന്റേയും നേതൃത്വത്തില്‍ ജോസി മാത്യു കോഓര്‍ഡിനേറ്റര്‍ ആയും ബെന്നി അഗസ്റ്റിന്‍ വേദപാഠ ഹെഡ് ടീച്ചര്‍ ആയും ഉള്ള അല്മയരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ല്‍ ജോബി ജോസഫ് വേദപാഠ ഹെഡ് ടീച്ചര്‍ ആയും 2019ല്‍ വിനീതാ ജെയ്‌സണ്‍ നിയമിതരായി.

2010-2015 കാലയളവില്‍ കാര്‍ഡിഫിലെ സീറോ മലബാര്‍ സമൂഹം കൂടുതല്‍ ശക്തിപ്പെട്ടു ഒരു സംഘടിത കൂട്ടായ്മയായി വളര്‍ന്നു. ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകള്‍, വാര്‍ഷിക ധ്യാനങ്ങള്‍, ബൈബിള്‍ കലോത്സവം, പ്രത്യേക തിരുനാള്‍ ആഘോഷങ്ങള്‍ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാന്‍ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തില്‍ കാര്‍ഡിഫ് കൂടാതെ ന്യൂപോര്‍ട്, ബാരി, ഹെര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ കൂടി കുര്‍ബാന സെന്ററുകള്‍ തുടങ്ങി.

കാര്‍ഡിഫിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചക്ക് വേണ്ടി സീറോ മലബാര്‍ സഭയുടെ തന്നെ അച്ചനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ആയ തോമസ് പറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തില്‍ അന്നത്തെ സഭയുടെ പ്രവാസി ഇന്‍ചാര്‍ജ് ആയിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവ് കാര്‍ഡിഫ് സന്നര്‍ശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാര്‍ഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. അതിന്റെ വെളിച്ചത്തില്‍ 2015ല്‍ റോസ്മേനിയന്‍ സഭക്കാരനായ ജോര്‍ജ് പുത്തൂരാന്‍ അച്ചനെ കാര്‍ഡിഫ് രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി ആദ്യമായി ചാപ്ലയിന്‍ ആയി നിയമിച്ചു.
കാര്‍ഡിഫില്‍ എല്ലാ വര്‍ഷവും വാര്‍ഷിക ധ്യാനങ്ങ്ള്‍ നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖരായ സുവിശേഷ പ്രഘോഷകരായ ഫാ. മാത്യു നായ്ക്കാംപറമ്പില്‍, ഫാ. ജോര്‍ജ് പനക്കല്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വാളന്മനാല്‍, ഫാ. റോയ് പാലാട്ടി, ഷെവലിയര്‍ ബെന്നി പുന്നത്തറ, ഫാ. ജോസ് ഉപ്പാണി, ഫാ. എബ്രഹാം കടിയാക്കുഴി, ബ്രദര്‍ സാബു ആറുതൊട്ടിയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ബ്രദര്‍ സന്തോഷ് ടി, ഫാ. ജസ്റ്റിന്‍ അലക്‌സ്, എന്നിവര്‍ കാര്‍ഡിഫിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചക്ക് വേണ്ടി ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

2016 ജൂലൈ 28-ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കുകയും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യ മെത്രാനായി നിയമിക്കുകയും ചെയ്തു. ഇത് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി. മെത്രാഭിഷേകത്തിന് മുമ്പ് ബിഷപ്പ്-ഇലക്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍ഡിഫ് സന്ദര്‍ശിച്ച് വിശ്വാസികളെ കണ്ടുമുട്ടുകയും എല്ലാവരെയും തന്റെ മെത്രാഭിഷേക ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. കാര്‍ഡിഫില്‍ നിന്ന് വലിയൊരു സംഘം വിശ്വാസികള്‍ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുത്തു.
സമൂഹത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം സ്ഥിരം വൈദികനെ നിയമിക്കാന്‍ ശ്രമിച്ചുവെങ്കിലും, വൈദികരുടെ കുറവ് കാരണം അത് ഉടന്‍ സാധ്യമായില്ല. എന്നിരുന്നാലും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പലതവണ കാര്‍ഡിഫ് സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാന, രാത്രി ജാഗരണം, വാര്‍ഷിക ധ്യാനങ്ങള്‍, വിവിധ ആത്മീയ ശുശ്രൂഷകള്‍
എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ കാര്‍ഡിഫിലെ സമൂഹത്തിന് വലിയ ആത്മീയ ഉണര്‍വ് നല്‍കി.
2017-2020 കാര്‍ഡിഫിലെ സീറോ മലബാര്‍ സമൂഹത്തിന് പുതിയ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍ വന്നതോടെ കാര്‍ഡിഫ് സമൂഹം കൂടുതല്‍ സംഘടിതമായി. ഈ കാലഘട്ടത്തില്‍ വിശുദ്ധ കുര്‍ബാന കൂടുതല്‍ ക്രമമായി നടന്നു, കുട്ടികളുടെ മതബോധനം ശക്തിപ്പെട്ടു, യുവജന പ്രവര്‍ത്തനങ്ങള്‍ സജീവമായി, കുടുംബസംഗമങ്ങളും വാര്‍ഷിക ധ്യാനങ്ങളും പതിവായി, സീറോ മലബാര്‍ പാരമ്പര്യ ആരാധനയും ആത്മീയതയും കൂടുതല്‍ ശക്തിപ്പെട്ടു.
2017ല്‍ സെന്റ് തോമസ് മിഷനില്‍ വിമന്‍സ് ഫോറം രൂപീകൃതമായി. ത്രേസിയാമ്മ ബെന്നി പ്രസിഡന്റ് ആയും അന്‍സാമ്മ ജോണ്‍ സെക്രട്ടറി ആയും ഒരു കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും ഓരോ വീട്ടിലും പ്രാര്‍ത്ഥനകള്‍ വായിക്കുകയും, ഫണ്ട് റെയ്സിംഗ് പ്രോഗ്രാംസ് നടത്തുകയും, പള്ളിയിലെ എല്ലാ കാര്യങ്ങളിലും എപ്പോഴും സഹായിക്കുകയും ചെയ്തിരുന്നു.
2018ല്‍ ഫാ. ടോണി പഴയകളം സി എസ് ടി, കാര്‍ഡിഫ് കുര്‍ബാന സെന്ററിന്റെ ഇന്‍ചാര്‍ജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്നര്‍ശനങ്ങള്‍ നടത്തുകയും കാര്‍ഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാര്‍ഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷന്‍ ആയി മാര്‍ സ്രാമ്പിക്കല്‍ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലില്‍ പ്രോപോസ്ഡ് മിഷന്റെ വളര്‍ച്ചക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മാസത്തില്‍ ഒരു കുര്‍ബാന മാത്രമായിരുന്നത് മാസത്തില്‍ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി. അച്ചന് താമസിക്കുന്നതിന് വേണ്ടി ഒരു വീട് വാടകക്ക് എടുക്കുകയും ചെയ്തു.
2018ല്‍ സീറോ മലബാര്‍ യൂത്ത് മൂവേമെന്റ് രൂപീകൃതമായി. ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, ദൈവരാജ്യത്തിന്റെ വളര്‍ച്ചക്കും നീതിയും സ്‌നേഹവും, സമാധാനവും നിറഞ്ഞ ഒരു പുതിയ സമൂഹത്തിന്റെ നിര്മാണത്തിനുമായി യുവജനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുക എന്നതാണ് സീറോ മലബാര്‍ യൂത്ത് മൂവേമെന്റിന്റെ ദൗത്യം. വളര്‍ന്നു വരുന്ന യുവജനങ്ങള്‍ക്ക് ആഴത്തിലുള്ള വിശ്വാസത്തില്‍ വളരുവാനും അവരുടെ ബുദ്ധിയും കഴിവും സഭയുടെ വളര്‍ച്ചയെ സഹായിക്കുവാനും വേണ്ടിയാണ് ഈ യൂത്ത് മൂവേമെന്റ്.
2020-2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടര്‍ന്നു. ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാന, ഓണ്‍ലൈന്‍ മതബോധനം, കുടുംബ പ്രാര്‍ത്ഥന, ഓണ്‍ലൈന്‍ ധ്യാനങ്ങള്‍, വെര്‍ച്വല്‍ ആത്മീയ കൂട്ടായ്മകള്‍ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. സീറോ മലബാര്‍ യൂത്ത് മൂവേമെന്റ് ഓണ്‍ലൈനില്‍ ബൈബിള്‍ ക്ലബ് സംഘടിപ്പിച്ചിരുന്നു.
2020ല്‍ ഫാ. ജോയി വയലില്‍ കേരളത്തിലേക്ക് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ ഫാ. ഫാന്‍സ്വാ പത്തില്‍ നിയമിതനായി. അദ്ദേഹം വീട് സന്നര്‍ശനം വളരെ റെഗുലര്‍ ആക്കുകയും, മിഷന്‍ ലീഗ് തുടങ്ങുകയും, ആദ്യമായി കാര്‍ഡിഫില്‍ സീറോ മലബാര്‍ കുര്‍ബാനയില്‍ കുട്ടികള്‍ക്ക് ആദ്യകുര്‍ബാന നല്‍കുകയും ചെയ്തു. മെതോഡിസ്‌റ് പള്ളിയില്‍ വച്ച് നടന്നിരുന്ന കുര്‍ബാന കാര്‍ഡിഫിലെ സെന്റ് ആല്‍ബന്‍സ് പള്ളിയിലേക്ക് മാറ്റി. വാര്‍ഷിക ധ്യാനങ്ങള്‍ സെന്റ് ഡേവിഡ്'സ് കാത്തോലിക് കോളേജില്‍ വച്ച് നടത്തിയിരുന്നു. ഭാവിയില്‍ ഒരു പള്ളി വേണം എന്ന മുന്‍കരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തില്‍ ഒരു പ്രോപ്പര്‍ട്ടി കമ്മിഷന്‍ ഫാ. ഫാന്‍സ്വാ രൂപികരിച്ചു.
ജൂലൈ 3, 2022-നു പെരുന്നാള്‍ ദിവസം കാര്‍ഡിഫ് ഒരു മിഷന്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോണ്‍സന്‍ വര്ഗീസും ജെസ്സി സ്‌കറിയയും തിരഞ്ഞെടുക്കപ്പെട്ടു.
2022 ഡിസംബറില്‍ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷന്‍ ഡയറക്ടര്‍ ആയി നിയമിതനായി. അതിന് ശേഷം കാര്‍ഡിഫ് സീറോ മലബാര്‍ മിഷനിലെ വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തി കാര്‍ഡിഫിലെയും സമീപപ്രദേശങ്ങളിലെയും കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ക്രമമായ ആരാധനജീവിതത്തിന് നേതൃത്വം നല്‍കിവന്നിരുന്നു. മാത്യു അച്ചന്റെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായും പ്രോപ്പര്‍ട്ടി കമ്മീഷന്റെ തീഷ്ണമായ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി കാര്‍ഡിഫ് അതിരൂപതയുടെ പള്ളിയായ ബ്ലെസ്സഡ് സാക്രമെന്റ് ചര്‍ച് നമ്മുടെ സമൂഹത്തിന്റെ ആത്മീയകാര്യങ്ങള്‍ നടത്തുവാന്‍ വേണ്ടി കാര്‍ഡിഫ് അതിരൂപത അനുവദിച്ചു തന്നു.
2023 ഡിസംബറില്‍ ഫാ. പ്രജില്‍ പണ്ടാരപ്പറമ്പില്‍ നിയമിതനായി. കാര്‍ഡിഫ് സീറോ മലബാര്‍ മിഷന്റെ വളര്‍ച്ചയില്‍ പ്രജില്‍ അച്ചന്റെ സേവനം വിലമതിക്കാനാകാത്തതാണ്. വിശുദ്ധകുര്‍ബാനയിലൂടെയും കൂദാശകളിലൂടെയും ദൈവജനത്തെ ആത്മീയമായി വളര്‍ത്തുകയും, കുടുംബത്തെ സഭയോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുകയും, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസപരിശീലനം നല്‍കി ഭാവിതലമുറയെ സഭയുടെ പാരമ്പര്യത്തില്‍ ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമര്‍പ്പണവും ലാളിത്യവും സ്നേഹപൂര്‍വമായ തേതൃത്വവും കാര്‍ഡിഫ് മിഷന്റെ വളര്‍ച്ചക്ക് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പ്രജില്‍ അച്ചന്റേയും, കൈക്കാരന്മാരായ സിബിച്ചന്‍ ജോസഫ്, സില്‍വി സജി, ജോസി മാത്യു നേതൃത്വം കൊടുക്കുന്ന പ്രോപ്പര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍ എന്നിവരുടെ കഠിന പ്രയത്‌നത്തിന്റെയും മിഷനിലെ മുഴുവന്‍ വിശ്വാസികളുടെ തീവ്രമായതും തീഷ്ണമായതുമായ പ്രാര്ഥനയുടെ ഫലമായിട്ടാണ് ഒരു ഇടവക എന്ന സ്വപ്നം യാഥാര്‍ഥ്യമായത്. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനക്ക് ദൈവത്തിന്റെ മറുപടി.
ഇപ്പോള്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ബ്ലെസ്സഡ് സാക്രമെന്റ് പള്ളി നമ്മുടെ മിഷന് കൈമാറ്റം ചെയ്തതിന്റെ അവസരത്തിലാണ് ജൂലൈ 19ന് ഞായറാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്ധക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈ മിഷന്‍ ഒരു ഇടവകയായി പ്രഖ്യാപിക്കുന്നത്. ഈ എപ്പാര്‍ക്കിയിലെ ആറാമത്തെ ഇടവകയായിരിക്കും കാര്‍ഡിഫ് സെന്റ് തോമസ് പാരിഷ്. തദവസരത്തില്‍ കാര്‍ഡിഫ് ലാറ്റിന്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് റെവ. മാര്‍ക്ക് ഒറ്റൂള്‍ സന്നിഹിതനായിരിക്കും.
ജൂലൈ 17, 18, 19 എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്ന തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് ആശിര്‍വാദം സ്വീകരിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ പ്രജില്‍ അച്ചന്‍ അറിയിച്ചു. ജൂലൈ 17ന് വൈകുന്നേരം 6.30നും, 18ന് രാവിലെ 9 മണിക്കും,19ന് രാവിലെ 8.45നുമായിരിക്കും തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക.
ഇന്ന് കാര്‍ഡിഫ് സീറോ മലബാര്‍ സമൂഹം വെയില്‍സിലെ സജീവമായ വിശ്വാസസമൂഹങ്ങളിലൊന്നായി വളര്‍ന്നിരിക്കുന്നു. ഒരു പുതിയ ഇടവകയായി പ്രഖ്യാപിക്കപ്പെടുന്ന ഈ അവസരത്തില്‍ ഇവിടെ ക്രമമായ വിശുദ്ധ കുര്‍ബാന, മതബോധന ക്ലാസുകള്‍, യുവജന-കുടുംബ ശുശ്രൂഷകള്‍, ധ്യാനങ്ങള്‍, തിരുനാള്‍ ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുമായുള്ള ശക്തമായ ബന്ധം തുടങ്ങിയവ കൃത്യമായി നടത്തപ്പെടുന്നു. പുതിയ ഇടവകയാക്കി പ്രഖ്യാപിക്കപ്പെടുന്ന ഈ പള്ളി ഒരു ആരാധനാ സ്ഥലം മാത്രമല്ല, പ്രത്യാശയും സമാധാനവും, സ്‌നേഹവും പങ്കിടുന്ന ഒരു ആത്മീയ കുടുംബമാകട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തി സ്വീകരിച്ചു് ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാന്‍ നമുക്ക് ഒരുമിച്ച് മുന്നേറാം. ദൈവമാതാവിന്റെ മാധ്യസ്ഥവും ഈ ഇടവകയുടെ മാദ്ധ്യസ്ഥ വിശുദ്ധനായ തോമാശ്ലീഹായുടെ സംരക്ഷണവും ഈ പുതിയ ദൗത്യത്തിന്‍മേല്‍ എപ്പോഴും ഉണ്ടാകട്ടെ.
കാര്‍ഡിഫ് സീറോ മലബാര്‍ സമൂഹത്തിന്റെ ചരിത്രം ഒരു ദേവാലയത്തിന്റെ ചരിത്രം മാത്രമല്ല, അത് വരും തലമുറകള്‍ക്ക് എന്നുമെന്നും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മഹാ ചരിത്രമായി എന്നുമെന്നും നിലനില്‍ക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
(ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്)