
















ലോകത്തിന്റെ ഹൃദയം സ്തംഭിപ്പിച്ച നേപ്പാള്‍ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു. അതിനുള്ളില്‍ പെട്ടവരെ കണ്ടെത്തുന്നതും, കണ്ടെത്തുന്നവരെ തിരിച്ചറിയുന്നതും ദുഷ്‌കരമാകും. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ നിന്നും കേവലം 20 പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് നേപ്പാള്‍ അധികൃതര്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് മൃതദേഹങ്ങള്‍ ഔദ്യോഗികമായി തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ ഇവരെ മറവ് ചെയ്യാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്. വെള്ളപ്പൊക്കം ആഞ്ഞടിച്ച മേഖലകളില്‍ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങളാല്‍ കാഠ്മണ്ഡുവിലെയും, സമീപപ്രദേശങ്ങളിലെയും ആശുപത്രി മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞ സ്ഥിതിയാണ്. ഇതോടെ താല്‍ക്കാലിക ഷെല്‍റ്ററുകള്‍ തയ്യാറാക്കി ഇതിലാണ് മറ്റ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ പ്രതിസന്ധിയെ അതിജീവിക്കുന്നത് അസാധ്യമായി മാറുകയാണ്.
നേപ്പാളിലെ ഭൂരിഭാഗം ആശുപത്രികളിലും മോര്‍ച്ചറി സംവിധാനമില്ലെന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ മേഖലകളാണ് പ്രകൃതിക്ഷോഭത്തില്‍ നാമാവശേഷമായത്. ഇപ്പോഴും 2400-ലേറെ ആളുകളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനിടെ കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ടിബറ്റില്‍ മറ്റൊരു 15 പേരെ കാണാതായെന്ന് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളത്തിലും, ചെളിയിലും ദിവസങ്ങള്‍ കിടന്ന ശേഷം ജീര്‍ണ്ണിച്ച് തുടങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് അസാധ്യമായി മാറുകയാണ്. പല മൃതദേഹങ്ങളും 100 മൈല്‍ അകലെ അയല്‍രാജ്യമായ ഇന്ത്യയിലെ നദികളിലാണ് കണ്ടെത്തുന്നത്. തല്‍ക്കാലം കണ്ടെത്തുന്ന മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച ശേഷം കൂട്ടമായി മറവ് ചെയ്യാനാണ് നേപ്പാള്‍ ഗവണ്‍മെന്റ് ഉത്തരവ്. ഇതോടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിക്കില്ലെന്ന സ്ഥിതിയാണ്.