CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 57 Seconds Ago
Breaking Now

കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളി ക്രോസ് വികാരി ജനറല്‍ ഫാ. ഇമ്മാനുവല്‍ കല്ലറക്കല്‍ അയര്‍ലണ്ടില്‍ വച്ച് അന്തരിച്ചു

ബുധനാഴ്ച വൈകുന്നേരം 7 മണിമുതല്‍ 8 മണിവരെ അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ സെന്റ് ജോസഫ് ആന്‍ഡ് സെന്റ് ബെനില്‍ടസ് ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്യും

കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളി ക്രോസിന്റെ വികാരി ജനറലും ഫസ്റ്റ് ജനറല്‍ അസിസ്റ്റന്റുമായ റവ.ഡോ. ഇമ്മാനുവല്‍ കല്ലറക്കല്‍ സി.എസ്.സി. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 69 വയസായിരുന്നു. അയര്‍ലന്‍ഡിലെ ഹോളി ക്രോസ് സഭാ സമൂഹത്തില്‍  കാനോനിക്കല്‍ സന്ദര്‍ശനം നടത്തുന്നതിനായി എത്തിയ ഇമ്മാനുവല്‍ അച്ഛന്  ശനിയാഴ്ച  വൈകുന്നേരം വാട്ടര്‍ഫോര്‍ഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹ്രദയാഘാതമുണ്ടായത്. എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 7 മണിമുതല്‍ 8 മണിവരെ  അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡില്‍ സെന്റ് ജോസഫ് ആന്‍ഡ് സെന്റ് ബെനില്‍ടസ് ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരികയും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്യും. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദീകരും വിശ്വാസികളും ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വാട്ടര്‍ഫോര്‍ഡില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്റെയും , അയര്‍ലണ്ടിലെ ഹോളിക്രോസ് സഭയുടെ വൈദികരുടെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തുടര്‍ന്ന്  മൃതശരീരം അദ്ദേഹം ദീര്‍ഘകാലം സേവനം ചെയ്തിരുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിന്‍സിലെ അഗര്‍ത്തലയില്‍ എത്തിച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും. 

കേരളത്തില്‍ കോതമംഗലം രൂപതയിലെ തെന്നത്തൂരില്‍ കല്ലറയ്ക്കല്‍ പരേതരായ ജോസഫ്, അന്ന  ദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമനായിട്ട് 1956-ലാണ്  അദ്ദേഹം ജനിച്ചത്. പരേതനായ ഫാ ജെയിംസ് കല്ലറയ്ക്കല്‍ മൂത്ത സഹോദരനാണ്. സഹോദരിമാരില്‍ 2 പേര്‍ സന്യാസിനിമാരാണ്. ഫാ. ഇമ്മാനുവല്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രൊവിന്‍സ് അംഗമാണ്. 44 വര്‍ഷമായി സന്യാസജീവിതവും 38 വര്‍ഷമായി പൗരോഹിത്യ ജീവിതവും നയിച്ചുവരികയായിരുന്നു അദ്ദേഹം. ഇടവക ശുശ്രൂഷ, വൊക്കേഷന്‍ ആനിമേഷന്‍, സന്യാസ രൂപീകരണ ശുശ്രൂഷ, വിദ്യാഭ്യാസ രംഗം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.

നോര്‍ത്ത് ഈസ്റ്റ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായും, അതിനുമുമ്പ് കേരളത്തില്‍ അയ്മനത്ത് വൊക്കേഷന്‍ ഫെസിലിറ്റേറ്ററായും ഫോര്‍മേഷന്‍ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അഗര്‍ത്തല ഹോളി ക്രോസ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു അദ്ദേഹം. ബിരുദ-ബിരുദാനന്തര കോഴ്സുകളുള്ള അഗര്‍ത്തല ഹോളി ക്രോസ് കോളേജിന്റെ സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പലും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി 2015-ല്‍ ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ഹയര്‍ എജ്യുക്കേഷന്‍ (AIACHE) 'ബെസ്റ്റ് പ്രിന്‍സിപ്പല്‍സ് ഓഫ് ഇന്ത്യ' പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഫിലോസഫിയിലും തിയോളജിയിലും ബിരുദമുള്ള അദ്ദേഹം, മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് റിലീജിയസ് എജ്യുക്കേഷനില്‍ (Religious Education) ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഭരണനിര്‍വഹണത്തിലും സാംസ്‌കാരിക ഇടപെടലുകളിലും അദ്ദേഹം വലിയ മികവ് പുലര്‍ത്തിയിരുന്നു.

2022-ലെ ജനറല്‍ ചാപ്റ്ററിലൂടെ ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത്, അമേരിക്കയിലെ ഇന്ത്യാനയില്‍ മിഡ്വെസ്റ്റ് പ്രൊവിന്‍സിന് കീഴിലുള്ള കത്തീഡ്രല്‍ ഹൈസ്‌കൂളില്‍ ചാപ്ലയിനായും സെന്റ് ജോന്‍ ഓഫ് ആര്‍ക്ക് ഇടവകയില്‍ കൂദാശാ ശുശ്രൂഷകളില്‍ സഹായിയായും സേവനം ചെയ്യുകയായിരുന്നു. ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് റോമിലെ ഹോളി ക്രോസ് ജനറലേറ്റിലേക്ക് മാറിയ അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് എല്ലാവരും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഖാര്‍ത്തരായിരിക്കുന്ന ഏവര്‍ക്കും അനുശോചനങ്ങള്‍ നേരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.