
















വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറുമെന്ന് പ്രഖ്യാപിച്ച് ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് തിരിച്ചടിക്കുന്നു. മേയില്‍ നടപ്പിലായ നിയമം കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും, റെന്റ് വര്‍ദ്ധിപ്പിക്കുന്നതിന് ക്യാപ്പ് നടപ്പിലാക്കുകയും, ഫിക്‌സഡ് ടേം ടെനന്‍സികള്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാസങ്ങള്‍ കൊണ്ട് ഈ നിയമം വാടകക്കാര്‍ക്ക് തന്നെ കുരിശായി മാറുകയാണ്. ലണ്ടനില്‍ വാടക വിപണി മുന്‍പത്തേക്കാള്‍ മോശമായി മാറി. വാടക നിരക്കുകള്‍ കുതിച്ചുയരുകയും, വാടകയ്ക്ക് ലഭ്യമാക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറഞ്ഞതോടെ താമസിക്കാന്‍ ഒരിടം കണ്ടെത്തുന്നത് മുന്‍പത്തേക്കാള്‍ ബുദ്ധിമുട്ടായി മാറുകയും ചെയ്തിരിക്കുകയാണ്.
വാടക വീടിനായി ശ്രമിക്കുന്നവര്‍ തമ്മില്‍ ബിഡ്ഡിംഗ് വരുന്നത് ഒഴിവാക്കാന്‍ ചോദിക്കുന്ന വിലയ്ക്ക് മുകളില്‍ ഓഫര്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് സാധിക്കില്ല. ഇതോടെ ബിഡ്ഡിംഗ് ഒഴിവായെങ്കിലും ചോദിക്കുന്ന വില ഉയര്‍ത്തിയാണ് ലിസ്റ്റ് ചെയ്യുന്നത്. ഏതെങ്കിലും ഒരാള്‍ ഈ വിലയ്ക്ക് വീട് വാടകയ്ക്ക് എടുക്കുമെന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സ് പ്രതീക്ഷിക്കുന്നു.
തലസ്ഥാന നഗരത്തിലെ ശരാശരി മാസവാടക നിരക്കുകള്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് തുകയായ 2791 പൗണ്ടിലേക്കാണ് എത്തിയത്. ലണ്ടന് പുറത്തുള്ള വാടക നിരക്കുകള്‍ 1.9 ശതമാനം വര്‍ദ്ധിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ശരാശരി 1397 പൗണ്ട് എന്ന നിലയിലുമാണ്. റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് നിലവില്‍ വന്നതോടെ വാടക നിരക്ക് വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒപ്പം പ്രോപ്പര്‍ട്ടികളുടെ ലഭ്യത കുറയുകയും ചെയ്തതോടെ വിപണിയില്‍ പോര് ഇരട്ടിയായി.