
















അന്ത്യസമയത്ത് പോലും രോഗികള്‍ക്ക് മാന്യമായ ചികിത്സ പോലും നല്‍കാന്‍ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി എന്‍എച്ച്എസ് നഴ്‌സുമാര്‍. പകുതിയിലേറെ നഴ്‌സുമാരാണ് അന്ത്യശ്വാസം വലിക്കുന്ന രോഗികള്‍ക്ക് ഇടനാഴികളിലും, മറ്റ് താല്‍ക്കാലിക ഇടങ്ങളിലുമായി ചികിത്സ നല്‍കേണ്ടി വന്നതാണ് വ്യക്തമാക്കുന്നത്.
ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്ക് അന്തസ്സില്ലാത്ത മരണത്തിലേക്ക് തള്ളിവിടുകയും, മോശം നിലവാരത്തിലുള്ള ചികിത്സ നല്‍കേണ്ടിയും വരികയാണ്. എന്‍എച്ച്എസ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആശുപത്രികളില്‍ തിരക്കേറുമ്പോള്‍ ആരോഗ്യ സ്ഥിതി മോശമായവര്‍ പോലും ട്രോളികളില്‍ കാത്തുകിടക്കുകയും, അവിടെ കിടന്ന് മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടി വരികയും, ചിലപ്പോള്‍ മറ്റ് ആളുകളുടെ കണ്‍മുന്നില്‍ വെച്ച് മരണപ്പെടുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പരിചരണം സംബന്ധിച്ച് പ്ലാനിംഗിലെ പോരായ്മകള്‍ പലപ്പോഴും അനിശ്ചിതാവസ്ഥയിലേക്ക് നയിക്കുകയും, രോഗികള്‍ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും പുനരുജ്ജീവിപ്പിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.
യുകെ നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും ഇടയില്‍ മേരി ക്യൂറി ചാരിറ്റിയും, നഴ്‌സിംഗ് വെബ്‌സൈറ്റ് നഴ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡും ചേര്‍ന്ന് നടത്തിയ സര്‍വ്വെയിലാണ് 55% പേര്‍ രോഗികള്‍ ഇടനാഴികളിലും, ക്ലിനിക്കല്‍ അല്ലാത്ത ഇടങ്ങളിലും ചികിത്സ നല്‍കിയതായി രേഖപ്പെടുത്തിയത്. അന്ത്യസമയത്തെ പരിചരണം മോശം ഇടങ്ങളിലായിരുന്നുവെന്നും, കുടുംബാംഗങ്ങളെ ഇത് കൂടുതല്‍ ദുഃഖിപ്പിച്ചുവെന്നും പത്തില്‍ ഏഴ് നഴ്‌സുമാര്‍ വെളിപ്പെടുത്തി.