
















കുടിയേറ്റക്കാര്ക്ക് എതിരായ നടപടികള് ബ്രിട്ടനില് പുരോഗമിക്കുന്നതിനിടെ പദ്ധതികള്ക്ക് ആവേശം കൂട്ടാന് തൊഴില് കണക്കുകള്. കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രിട്ടനില് സൃഷ്ടിക്കപ്പെട്ട അഞ്ച് ജോലികളില് നാലും കുടിയേറ്റക്കാര്ക്കാണ് ലഭിച്ചതെന്നാണ് കുടിയേറ്റവിരുദ്ധത ആളിക്കത്തിക്കാന് പോന്ന ആ കണക്ക്.
2014 മുതല് പേയ് സിസ്റ്റത്തിന് കീഴില് സൃഷ്ടിക്കപ്പെട്ട 3.7 മില്ല്യണ് പുതിയ ജോലികളില് കേവലം 734,000 ജോലികള് മാത്രമാണ് യുകെ പൗരന്മാര്ക്ക് ലഭിച്ചതെന്നാണ് കണ്ടെത്തല്.
408,000 ജോലികള് ഇയു പൗരന്മാര്ക്ക് ലഭിച്ചപ്പോള് 2.5 മില്ല്യണ് ജോലികള് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില് നിന്നെത്തിയ കുടിയേറ്റക്കാര്ക്കാണ് ലഭിച്ചതെന്ന് സെന്റര് ഫോര് സോഷ്യല് ജസ്റ്റിസ് പറഞ്ഞു. മഹാമാരിക്ക് ശേഷം ഈ സ്ഥിതി കുതിച്ചുയരുകയാണെന്ന് റിപ്പോര്ട്ട് കണ്ടെത്തി.
വിദേശ ജോലിക്കാരെ എളുപ്പത്തില് നിയോഗിച്ച് എംപ്ലോയേഴ്സ് ലാഭം നേടിയപ്പോള്, ജോലി ചെയ്യാത്ത ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്ക്ക് ബെനഫിറ്റുകള് നല്കി തീറ്റിപ്പോറ്റേണ്ടത് നികുതിദായകരുടെ തലയിലായി. 2020 മുതല് കുടിയേറ്റ ജോലിക്കാരുടെ എണ്ണത്തില് 2.1 മില്ല്യണ് വര്ദ്ധനവ് ഉണ്ടായപ്പോള് യുകെയില് ജോലിയില്ലാതെ ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണത്തില് 2.3 മില്ല്യണ് വര്ദ്ധനവാണ് ഉണ്ടായത്.
ഇംഗ്ലണ്ട്, വെയില്സ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിലായി ഒരു ബെനഫിറ്റെങ്കിലും കൈപ്പറ്റുന്ന 6.7 മില്ല്യണ് ആളുകളാണുള്ളത്. ജോലി ചെയ്യാന് പ്രായത്തിലുള്ളവര്ക്ക് ആനുകൂല്യം നല്കാനുള്ള ചെലവ് ഈ വര്ഷം 136 ബില്ല്യണില് എത്തുമെന്നാണ് കണക്ക്.