
















ഭാര്യമാര്ക്ക് നേരെ ശാരീരിക അക്രമം നടത്താന് പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഇമാമുമാര്ക്ക് എതിരെ ക്രിമിനല് അന്വേഷണം ആവശ്യപ്പെട്ട് ടോറി നേതാവ്. മൂന്ന് ഇസ്ലാമിക പ്രഭാഷകര് നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ പുറത്തുവന്നതോടെയാണ് മുസ്ലീം പള്ളികളില് സ്ത്രീകള്ക്ക് എതിരെ അക്രമം നടത്തുന്നതില് തെറ്റില്ലെന്ന് പറയുന്നത് വെളിച്ചത്ത് വന്നത്.
സെക്സില് ഏര്പ്പെടാന് ഭാര്യ വിസമ്മതിച്ചാല് തല്ലണമെന്നാണ് ഹാക്ക്നി ഇസ്ലാമിക് കമ്മ്യൂണിറ്റി സെന്ററിലെ യാസിന് മുനിയെ പുരുഷന്മാരോട് പറഞ്ഞത്. ഭാര്യ സെക്സിന് വിസമ്മതിച്ചാല് ആദ്യം ശകാരിക്കുകയും, എന്നിട്ടും വഴങ്ങിയില്ലെങ്കില് മര്ദ്ദിക്കാന് അവകാശമുണ്ടെന്നുമാണ് അന്-നൂര് മസ്ജിദ് & കമ്മ്യൂണിറ്റി സെന്ററിലെ മഹമ്മദ് അബ്ദുറസാഖ് ഉപദേശിച്ചത്. മര്ദ്ദിക്കുമ്പോള് മുറിവേല്ക്കുകയോ, എല്ല് പൊട്ടുകയോ ചെയ്യരുതെന്നും ഇയാള് ഉപദേശത്തില് കൂട്ടിച്ചേര്ത്തു.
ഭാര്യ എതിര്പ്പ് കാണിച്ചാല് അച്ചടക്കം പഠിപ്പിക്കാന് ഭര്ത്താവിന് അവകാശമുണ്ടെന്നാണ് ബര്മിംഗ്ഹാമിലെ ഗ്രീന് ലെയിന് മസ്ജിദിലെ അക്വീല് മഹ്മൂദ് പറയുന്നത്. ഭര്ത്താവിന്റെ അനുമതിയില്ലാതെ വീട്ടില് നിന്നും ഇറങ്ങുന്നത് പോലുള്ള ചെയ്തികള്ക്ക് അതിക്രമിക്കുന്നതില് തെറ്റില്ലെന്ന വിധത്തിലാണ് ഇയാളുടെ ഉപദേശം.
ഈ മൂന്ന് കേസുകളിലും ക്രിമിനല് അന്വേഷണം ആവശ്യപ്പെട്ട് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് മെട്രോപൊളിറ്റന് പോവീസിനും, വെസ്റ്റ് മിഡ്ലാന്ഡ്സ് പോലീസിനും കത്തയച്ചു. അതിക്രമം ഭയന്ന് ജീവിക്കുന്ന വംശീയ ന്യൂനപക്ഷങ്ങളില് നിന്നുള്ള സ്ത്രീകളെ ഉപേക്ഷിക്കാതെ സ്ത്രീകള്ക്ക് എതിരായ അതിക്രമങ്ങള് ക്രിമിനല് കുറ്റമായി കണ്ട് അന്വേഷിക്കണമെന്ന് ഫിലിപ്പ് പോലീസ് സേനകളോട് ആവശ്യപ്പെട്ടു.